നവംബറിലെ വരുമാനം 308 കോടിയോ? ഞങ്ങളറിഞ്ഞില്ലെന്ന് കെഎസ്ആർടിസി!

By Web Team  |  First Published Dec 14, 2023, 3:23 PM IST

തെറ്റായ പ്രചാരണത്തിലൂടെ ജീവനക്കാരിലും പൊതുജനങ്ങളിലും യാത്രക്കാരിലും ആശയക്കുഴപ്പമുണ്ടാക്കി ഈ മഹത്തായ പ്രസ്ഥാനത്തെ തകർക്കരുതെന്ന് കെഎസ്ആര്‍ടിസി


തിരുവനന്തപുരം: നവംബര്‍ മാസത്തിലെ വരുമാനം 308 കോടി രൂപയെന്ന പ്രചാരണം അസംബന്ധമെന്ന് കെഎസ്ആര്‍ടിസി. ശബരിമല മണ്ഡലകാല സ്പെഷ്യൽ സർവീസ് ഉള്‍പ്പെടെ നവംബർ മാസത്തെ കെഎസ്ആർടിസിയുടെ വരുമാനം 210.27 കോടി രൂപയാണെന്നും ഫേസ് ബുക്ക് കുറിപ്പില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തിൽ മാസ വരുമാനം 260 കോടി രൂപ നേടാനായാൽ  സ്വയം പര്യാപ്തമാകും എന്ന ലക്ഷ്യവുമായാണ് കെഎസ്ആർടിസി മുന്നോട്ടുപോകുന്നതെന്നും വിശദീകരിച്ചു. 

ജീവനക്കാരുടെ ശമ്പളം അതാത് മാസം തന്നെ  നൽകിവരുന്നുണ്ടെന്നും കെഎസ്ആർടിസി അവകാശപ്പെട്ടു. വലിയ ബാധ്യതകളും ചെലവുകളും ഉള്ള ഈ സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിലനിർത്തി മുന്നോട്ടു പോകുന്നതിന് ചില സാമ്പത്തിക ക്രമീകരണങ്ങൾ വേണ്ടിവരും. ചെറിയ കാലതാമസം ചിലപ്പോഴൊക്കെ ജീവനക്കാരുടെ ശമ്പളം നൽകുന്നതിനെയും ബാധിച്ചിട്ടുണ്ട്. എന്നാൽ ശമ്പളം മുടങ്ങിയിട്ടില്ലെന്ന്  കെഎസ്ആർടിസി വിശദീകരിച്ചു. 

Latest Videos

വലിയ വീഴ്ചകളിൽ നിന്നും ബാധ്യതകളിൽ നിന്നും ഏറെ പ്രയാസപ്പെട്ട് പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തി പുതിയ പദ്ധതികൾ ആവിഷ്കരിച്ച് കെഎസ്ആർടിസി മെല്ലെ കരകയറുകയാണ്. തെറ്റായ പ്രചാരണത്തിലൂടെ ജീവനക്കാരിലും പൊതുജനങ്ങളിലും യാത്രക്കാരിലും ആശയക്കുഴപ്പമുണ്ടാക്കി ഈ മഹത്തായ പ്രസ്ഥാനത്തെ തകർക്കരുതെന്നും കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചു. 

ഈ മാസം ഡിസംബർ ഒന്ന് മുതൽ ഡിസംബർ 11 വരെയുള്ള 11 ദിവസങ്ങളിലായി  84.94 രൂപയുടെ വരുമാനമാണ് കെഎസ്ആർടിക്ക് ലഭിച്ചത്. അതിൽ ഞായർ ഒഴികെ എല്ലാ ദിവസം വരുമാനം 7.5 കോടി രൂപ കടന്നു. ഇതിന് പിന്നിൽ രാപകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പർവൈർമാരെയും ഓഫീസർമാരെയും  അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചിരുന്നു. 

ശരിയായ മാനേജ്മെന്റും കൃത്യമായ പ്ലാനിംഗും നടത്തി ആയിരത്തിൽ അധികം ബസുകൾ ഡോക്കിൽ ഉണ്ടായിരുന്നത് 700 ന് അടുത്ത്  എത്തിക്കാൻ സാധിച്ചു. ശബരിമല സർവിസിന് ബസുകൾ  നൽകിയപ്പോൾ അതിന് ആനുപാതികമായി സർവീസിന് ബസുകളും ക്രൂവും നൽകാൻ കഴിഞ്ഞു.  മുഴുവൻ ജീവനക്കാരും കൂടുതൽ ആത്മാർത്ഥമായി ജോലി ചെയ്തുമാണെന്ന് സിഎംഡി അറിയിച്ചു.

10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിട്ടിട്ടുള്ളത്.  എന്നാൽ കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും ഇതിന് പരിഹാരമായി കൂടുതൽ ബസുകൾ എന്‍സിസി, ജിസിസി വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരികയാണെന്നും സിഎംഡി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!