സന്തോഷിനെ അക്രമിച്ചതിന് പ്രതികാരമായി സന്തോഷിൻ്റെ സഹോദരൻ സുജിത്ത്, സുഹൃത്ത് അനീഷ് എന്നിവർ ചേർന്ന് മോഹനനെ വീട്ടിലെത്തി കസേര കൊണ്ട് തലയ്ക്ക് അടിച്ച് പരിക്ക് ഏല്പിക്കുകയായിരുന്നു.
ചേർത്തല: യുവാവിനെ ആക്രമിച്ച കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. തെക്ക് തിരുവിഴയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് അർത്തുങ്കൽ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് അറസ്റ്റ്. ചേർത്തല തെക്ക് പഞ്ചായത്ത് 14ാം വാർഡ് കൊല്ലച്ചിറ പ്രഭാകരൻ മകൻ കുണ്ടുണ്ണി എന്ന മോഹനൻ (58) , ചേർത്തല തെക്ക് 14ാം വാർഡിൽ കണ്ടനാട്ട് വെളി ഗോപി മകൻ അനീഷ് (36) , ചേർത്തല തെക്ക് 15 -ാം വാർഡ് മറ്റത്തിൽ രവീന്ദ്രൻ മകൻ കൊച്ചു കുട്ടാപ്പി എന്ന സുജിത്ത് ( 38) എന്നിവരാണ് അറസ്റ്റിലായത്.
തിരുവിഴ 18 കവലക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി ചേർത്തല തെക്ക് മറ്റത്തിൽ രവീന്ദ്രൻ മകൻ വലിയ കുട്ടാപ്പി എന്ന് വിളിക്കുന്ന സന്തോഷിനെ തലയ്ക്ക് അടിച്ചും കുത്തിയും പരിക്ക് ഏൽപ്പിച്ച കേസിൽ മോഹനന് എതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തതിരുന്നു. സന്തോഷിനെ അക്രമിച്ചതിന് പ്രതികാരമായി സന്തോഷിൻ്റെ സഹോദരൻ സുജിത്ത്, സുഹൃത്ത് അനീഷ് എന്നിവർ ചേർന്ന് മോഹനനെ വീട്ടിലെത്തി കസേര കൊണ്ട് തലയ്ക്ക് അടിച്ച് പരിക്ക് ഏല്പിക്കുകയായിരുന്നു.
അക്രമം നടത്തിയ 3 പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അർത്തുങ്കൽ സി ഐ പിജി മധു, എസ് ഐ ഡി സജീവ് കുമാർ, എസ് ഐ സുധീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സേവ്യർ മനോജ്, സിവിൽ പൊലീസ് ഓഫീസർമാരായ മനു, സജീഷ്, അനീഷ്, പ്രണവ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം