റോഡ് കയ്യേറി സ്റ്റേജ് കെട്ടി ഗതാഗതക്കുരുക്കുണ്ടാക്കി; എസ്പി ഉദ്ഘാടനം ചെയ്ത പരിപാടിക്കെതിരെ  റിപ്പോർട്ട് തേടും

By Web Desk  |  First Published Jan 8, 2025, 2:14 PM IST

ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിച്ച വനിതാശാക്തീകരണ പരിപാടിക്ക് വേണ്ടിയാണ് വെള്ളിയാഴ്ച വൈകിട്ടോടെ റോഡിൽ വേദിയൊരുക്കിയത്.


തിരുവനന്തപുരം: ബാലരാമപുരം ജംഗ്‌ഷനിലെ വിഴിഞ്ഞം റോഡിലായി പാത കയ്യേറി സ്റ്റേജ് കെട്ടി ഗതാഗത തടസമുണ്ടാക്കിയ സംഭവത്തിൽ റിപ്പോർ‌ട്ട് തേടാൻ തീരുമാനം. സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് റിപ്പോർട്ട് ആവശ്യപ്പെടുക. കഴിഞ്ഞ മൂന്നാം തീയതി സംഘടിപ്പിച്ച ജ്വാല വനിതാ ജംഗ്‌ഷൻ പരിപാടിയ്ക്ക് റോഡ് കയ്യേറി സ്റ്റേജ് കെട്ടി ഗതാഗത കുരുക്ക് ഉണ്ടാക്കിയ സംഭവം ശ്രദ്ധയിൽ പെട്ടിട്ടും പരിപാടി ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന്‍റെ നടപടി ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന പരാതിയിലാണ് നടപടി.  ഇത് സംബന്ധിച്ച് സെക്രട്ടറിക്ക് പൊതു പ്രവർത്തകനായ അഡ്വ .  കുളത്തൂർ ജയ്‌സിങ് പരാതി നൽകിയിരുന്നു. സംഭവത്തിന് ആധാരമായ പരാതി ചീഫ് സെക്രട്ടറി ആഭ്യന്തര വകുപ്പിന് കൈമാറി .

ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിച്ച വനിതാശാക്തീകരണ പരിപാടിക്ക് വേണ്ടിയാണ് വെള്ളിയാഴ്ച വൈകിട്ടോടെ റോഡിൽ വേദിയൊരുക്കിയത്. വിഴിഞ്ഞം റോഡിൽ പകുതി ഭാഗം കൈയ്യേറി സ്റ്റേജ് കെട്ടിയതിന് പുറമേ  റോഡിന് എതിർവശത്ത് നടപ്പാത വരെ കസേരകൾ ഇട്ടതോടെ കാൽ നട യാത്രക്കാരടക്കമുള്ള സകലരും കുടുങ്ങി. പൊതുവേ  ഗതാഗതക്കുരുക്കുള്ള  ജംഗ്ഷനിൽ ഓഫീസ് -സ്കൂൾ വാഹനങ്ങളും എത്തിയതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. 

Latest Videos

ആഴ്ചകൾക്കു മുൻപ് സിപിഎം പാളയം ഏരിയ സമ്മേളനത്തിന്‍റെ സമാപന യോഗത്തിന് വഞ്ചിയൂരിൽ റോഡ് അടച്ച് സ്റ്റേജ് കെട്ടിയത് വിവാദമാകുകയും സിപിഎം പ്രവർത്തകർക്കെതിരെ വഞ്ചിയൂർ പൊലീസിന് കേസെടുക്കുകയും ചെയ്തിരുന്നു. സമാനമായ സംഭവമാണ് ബാലരാമപുരം ജങ്ഷനിലും അരങ്ങേറിയതെങ്കിലും പരിപാടി ഉദ്ഘാടനം ചെയ്തത് റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായൺ ഐപിഎസ് ആയിരുന്നതിനാൽ തന്നെ ഇതേവരെ കേസെടുക്കേണ്ടെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതോടെയാണ് പരാതി എത്തിയത്. 

Read More... കഴുത്തിൽ തണുപ്പ് തോന്നി, നോക്കിയപ്പോൾ മൂർഖൻ പാമ്പ് ചുറ്റിയ നിലയിൽ; കൈകൊണ്ടെടുത്ത് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടു

റോഡ് കയ്യേറി സ്റ്റേജ് കെട്ടുകയോ സമ്മേളനങ്ങൾ സംഘടിപ്പിക്കുകയോ ഗതാഗത തടസം ഉണ്ടാക്കുകയോ ചെയ്യരുതെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ് പാലിക്കേണ്ട ജില്ലാ പൊലീസ് മേധാവി തന്നെ നിയമ ലംഘനം നടത്തിയ പരിപാടിയിൽ ഉദ്ഘാടകനായത് കോടതി വിധിയോടുള്ള വെല്ലുവിളിയെന്ന് പരാതിയിൽ അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടി. സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എസ്പിക്ക് എതിരെ തുടർ നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.  ഇത് സംബന്ധിച്ച കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.  

Asianet News Live 

click me!