വാഹനാപകടത്തിൽ പരിക്കേറ്റവരെ തിരിഞ്ഞ് നോക്കാതെ പോയ സംഭവം; പൊലീസുകാ‍ർക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തൽ

By Web Team  |  First Published Nov 21, 2023, 3:43 PM IST

പൊലീസുകാരായ ആസാദ്, അജീഷ് എന്നിവർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയത്. പീരുമേട് സബ് ജയിലിൽ പ്രതിയെ എത്തിച്ച ശേഷം തിരികെ വരികയായിരുന്നു ഇരുവരും.


ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ ബൈക്കപകടത്തിൽ പരിക്കേറ്റവരെ തിരിഞ്ഞ് നോക്കാതെ പോയ സംഭവത്തിൽ പൊലീസുകാ‍ർക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് കട്ടപ്പന ഡിവൈഎസ്പി ഇടുക്കി എസ്പിക്ക് കൈമാറും. നെടുംകണ്ടം സ്റ്റേഷനിലെ രണ്ട് പൊലീസുകാരാണ് ജീപ്പിൽ ഉണ്ടായിരുന്നത്.

കട്ടപ്പന പള്ളിക്കവലയിൽ വച്ചാണ് ദിശ തെറ്റിയെത്തിയ പിക്കപ്പ് വാൻ ഇടിച്ച് കാഞ്ചിയാർ ചൂരക്കാട്ട് ജൂബിൻ ബിജു (21), ഇരട്ടയാർ എരുമച്ചാടത്ത് അഖിൽ ആന്റണി (23) എന്നിവർക്ക് പരുക്കേറ്റത്. അപകടം നടന്നതിന് തൊട്ടുപിന്നാലെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ജീപ്പ് അതുവഴിയെത്തി. നാട്ടുകാർ ഓടിക്കൂടി അപകടത്തിൽപ്പെട്ടവരെ പൊലീസ് ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചു. എന്നാൽ, പൊലീസുകാർ ഇത് സമ്മതിക്കാതെ ജീപ്പോടിച്ച് പോയി. സംഭവമറിഞ്ഞ ഇടുക്കി ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കട്ടപ്പന ഡിവൈഎസ്പിയോട് നിർദ്ദേശിച്ചു. ഈ അന്വേഷണത്തിലാണ് ജീപ്പിലുണ്ടായിരുന്ന പൊലീസുകാരായ ആസാദ്, അജീഷ് എന്നിവർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയത്. പീരുമേട് സബ് ജയിലിൽ പ്രതിയെ എത്തിച്ച ശേഷം തിരികെ വരികയായിരുന്നു ഇരുവരും. ഇവർക്കെതിരെ വകുപ്പ് തല നടപടി ശുപാർശ ചെയ്തു കൊണ്ടായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. 

Latest Videos

റിപ്പോർട്ട് ലഭിച്ച ശേഷം ജില്ല പൊലീസ് മേധാവിയായിരിക്കും തുടർ നടപടി സ്വീകരിക്കുക. രണ്ട് പേരോടും വിശദീകരണം തേടിയിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അഖിൽ രാജഗിരി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വലത് കാലിനും കൈക്കും ശസ്ത്രക്രിയ നടത്തി. തലക്കും പരുക്കേറ്റിട്ടുണ്ട്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജൂബിൻ അപകട നില തരണം ചെയ്തു. ജൂബിനും വലതുകാലിനും കൈക്കും ഒടിവുണ്ട്. സംഭവത്തിൽ കട്ടപ്പന പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിൽ പെട്ട വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

click me!