ചാത്തമംഗലം സ്വദേശിയായ അഭിലാഷ് മകള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ കുന്ദമംഗലം ടൗണില്‍ വെച്ചാണ് മരക്കൊമ്പ് കാറിനു മുകളിലേക്ക് ഒടിഞ്ഞ് വീണത്. കാറിന്‍റെ ചില്ലും മുകള്‍ഭാഗവും തകര്‍ന്നു.
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് മരക്കൊമ്പ് വീണ് കാറിന് കേടുപാട് സംഭവിച്ചതില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി കളക്ടറുടെ നിര്‍ദേശം. മഴക്കാല മുന്നൊരുക്കത്തിന്‍റെ ഭാഗമായി റോഡരികിലെ അപകടകരമായ രീതിയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതില്‍ സെക്രട്ടറി വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. ചാത്തമംഗലം സ്വദേശി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
ചാത്തമംഗലം സ്വദേശിയായ അഭിലാഷ് മകള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ കുന്ദമംഗലം ടൗണില്‍ വെച്ചാണ് മരക്കൊമ്പ് കാറിനു മുകളിലേക്ക് ഒടിഞ്ഞ് വീണത്. കാറിന്‍റെ ചില്ലും മുകള്‍ഭാഗവും തകര്‍ന്നു. സംഭവത്തിന് പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിലാഷ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. ഇതേ മരത്തിന്‍റെ ശിഖരങ്ങള്‍ വീണ് നേരത്തെയും വാഹനങ്ങള്‍ക്ക് കേടുപാട് പറ്റിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി കളക്ടര്‍ നല്‍കിയ മറുപടിയിലാണ് കുന്ദമംഗലം പഞ്ചായത്തിന് വീഴ്ച പറ്റിയതായി പറയുന്നത്. പൊതു സ്ഥലങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം പാലിക്കുന്നതില്‍ കുന്ദമംഗലം പഞ്ചായത്ത് സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്ന് ഡെപ്യൂട്ടി കളക്ടര്‍ പരാതിക്കാരന് നല്‍കിയ മറുപടിയില്‍ പറയുന്നു. കൃത്യ വിലോപം കാട്ടിയ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ഡയറക്ടര്‍ക്ക് ഡെപ്യൂട്ടി ദുരന്തനിവാരണത്തിന്‍റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ കത്തു നല്‍കി.
അതേസമയം, നഷ്ടപരിഹാരം നല്‍കുന്നതില്‍ അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ക്ക് വീണ്ടും പരാതി നല്‍കാനാണ് അഭിലാഷിന്‍റെ തീരുമാനം. മഴക്കാല മുന്നൊരുക്കത്തിന്‍റെ ഭാഗമായി റോഡരികിലെ അപകടകരമായ രീതിയിലുള്ള മരങ്ങള്‍ മുറിച്ചു കൃത്യമായ നിര്‍ദേശങ്ങള്‍ എപ്പോഴും നല്‍കി വരാറുണ്ട്. എന്നാല്‍ പലയിടങ്ങളിലും ഇത് പാലിക്കാത്ത അവസ്ഥയാണ്. അധികൃതരുടെ ഈ അനാസ്ഥയ്ക്ക് അഭിലാഷിന്‍റെ പോരാട്ടം ഒരു മറുപടി കൂടെ ആവുകയാണ്.