എന്തൊരു വാത്സല്യമാണ് ആ വാക്കുകളിൽ ! ഒന്നു കാണാം ആർക്കും ഉന്മേഷം നൽകുന്ന കിന്നാരക്കാഴ്ച!

By Web Team  |  First Published Sep 16, 2023, 8:24 AM IST

ഇയാൾക്കാ കുരത്തക്കേട് കൂടുതൽ, മുത്തിന്! വാത്സല്യം തുളുമ്പുന്ന വാക്കുകളിൽ വാവച്ചി പറഞ്ഞു തുടങ്ങുന്നു...


കൊല്ലം: അഞ്ചാലുംമൂട് നിന്നുള്ള ഒരു അപൂര്‍വ്വ സ്നേഹത്തിന്‍റെ കിന്നാരക്കാഴ്ചകൾ ഒരു നനുത്ത മഞ്ഞുള്ള പുലരി പോലെ ഏവർക്കും ഉന്മേഷം നൽകുമെന്നുറപ്പ് . ഒന്നര വര്‍ഷം മുൻപ് വീടിന് സമീപത്ത് ഒടിഞ്ഞ് വീണ തെങ്ങിൽ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് തത്തകൾ അതിവേഗമാണ് കുഴിയത്ത് സ്വദേശിയായ വാവച്ചിയുടെ വീട്ടുകാരായി മാറിയത്. കൂട്ടിലിടാതെ വളര്‍ത്തുന്ന തത്തകൾ ഊണിലും ഉറക്കത്തിലും ഉപജീവനമാര്‍ഗമായ മീൻകടയിലുംവരെ വാവച്ചിക്കൊപ്പം തന്നെയാണ് ജീവിക്കുന്നത്.

മുത്തുവിനെയും അട്ടുവിനെയും കുറിച്ച് പറയുന്ന വാവച്ചിയുടെ വാക്കുകൾ നിശ്കളങ്കമായ തേനുറവ പോലെ തോന്നാം.. 'രണ്ടുപേരും കൂടി അടികൂടാനാ നീ ഇപ്പുറം വാടാ.. ചുമലിൽ ഒരേ സൈഡിലിരുന്ന മുത്തുവിനോടും  അട്ടുവിനോടും വാവച്ചി പറഞ്ഞു. മക്കളോടെന്ന പോലെയാണ് വാവച്ചി അവരോട് സംസാരിക്കുന്നത്. അങ്ങനെ വാവച്ചി ആ കഥ പറഞ്ഞു.  'തെങ്ങ് പിഴുതുവീണപ്പോൾ പട്ടികൾ ഓടുന്നത് കണ്ടാണ് ഞങ്ങൾ ചെന്നത്. തത്തയായിരിക്കുമെന്ന് പറഞ്ഞാ ഓടിയത്. പട്ടികൾക്ക് കൊടുക്കാതെ എടുത്ത് വളർത്തി. ഇന്ന് മക്കളെ പോലെ വളർത്തി. ഇപ്പോ അമ്മേടടുത്ത് നല്ല സ്നേഹമാ...'- വാവച്ചി പറയുന്നു.

Latest Videos

'പറന്നങ്ങ് പോയി ആ പ്ലാവിൽ പോയിരിക്കും പിന്നേം തിരിച്ചിങ്ങ് പോരും. വഴക്ക് പറഞ്ഞ് ഓടിപ്പോകാൻ പറഞ്ഞാൽ ഒരു ഇരുമ്പ് വളയത്തിൽ പോയി കൊത്തി ദേഷ്യം തീർക്കും. ഭയങ്കര ദേഷ്യാ. ഇയാള് പിന്നെ സൈലന്റാ, ഇവനാ കുരുത്തക്കേട്, മുത്തിന്. നമ്മള് കഴിക്കുന്ന ചായ കേക്ക് ചോറ് എല്ലാം കഴിക്കും. പിന്നെ സൂര്യകാന്തിയുടെ അരി മേടിച്ചുവച്ചിട്ടുണ്ട്. ഞാനെന്ത് കഴിച്ചാലും എന്റെ വായീന്ന് എടുത്ത് കഴിച്ചോളും. അമ്മമാരുടെ ചൂണ്ടീന്ന് എടുത്തു കഴിക്കുംപോലാ...' അതീവ വാത്സല്യത്തോടെ വാവച്ചി തുടർന്നു.

Read more:  'അരിക്കൊമ്പൻ അവർകളെ ചിന്നക്കനാലിൽ കൊണ്ടുവരണം!', ഇടുക്കിയിലെ ധർണയിൽ ട്രോളും പിന്തുണയും!

'കൂട്ടിൽ കിടക്കത്തില്ല അവര്. നമ്മള് കൂട്ടിൽ ഇട്ട് ശീലിച്ചിട്ടില്ല. രാത്രി തുണി പുതച്ച് കിടത്തിയാൽ ഉറങ്ങിക്കോളും. പുതപ്പിച്ച് എഴുന്നേറ്റിങ്ങ് പോന്നാൽ.. അമ്മേ അമ്മേയെന്ന് വിളിക്കും. അപ്പോ പോയി എടുത്തോണ്ടിങ് പോരും. ആര് കൈകാണിച്ചാലും അവരുടെ അടുത്ത് പോകും, നിങ്ങള് കൈകാട്ടി നോക്കിയേ..' - വാവച്ചി പറഞ്ഞ് അവസാനിപ്പിച്ചു. എന്നും കാണുന്ന ഇവർ ഭയങ്കര കൂട്ടുകാരാണെന്ന്, തന്റെ മുഖത്ത് തലോടിക്കൊണ്ടിരുന്ന അട്ടുവിനെ നോക്കി നാട്ടുകാരിയായ സരോരജയും പറയുന്നു. 

 

click me!