മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തീര്‍ത്ഥാടകനാണെന്ന് മനസിലാക്കിയ പൊലീസ്, സീനിയര്‍ സിറ്റിസണ്‍ ഹോമില്‍ എത്തിച്ച് താമസവും ഭക്ഷണവും ക്രമീകരിക്കുകയും ചെയ്തു.
പത്തനംതിട്ട: ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടക സംഘത്തില്‍ നിന്ന് കൂട്ടംതെറ്റിയ യുവാവിന് തുണയായി റാന്നി പൊലീസ്. വിജയവാഡയില്‍ നിന്നെത്തിയ 15 അംഗ സംഘത്തിലെ അംഗമായ മുന്‍ഡില്‍ ഹരിയാണ് പമ്പയില്‍ നിന്ന് കൂട്ടംതെറ്റി റാന്നിയിലെത്തിയത്. മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തീര്‍ത്ഥാടകനാണെന്ന് മനസിലാക്കിയ റാന്നി ജനമൈത്രി പൊലീസ്, ആവശ്യമായ വസ്ത്രങ്ങള്‍ വാങ്ങി നല്‍കുകയും അങ്ങാടി നാക്കോലിയ്ക്കല്‍ സീനിയര്‍ സിറ്റിസണ്‍ ഹോമില്‍ എത്തിച്ച് താമസവും ഭക്ഷണവും ക്രമീകരിക്കുകയും ചെയ്തു.
വിവരം അറിഞ്ഞ് യുവാവിന്റെ സഹോദരന്‍ പിറ്റേ ദിവസം പൊലീസ് സ്റ്റേഷനിലെത്തി. ഇയാൾ കൊണ്ടുവന്ന രേഖകള്‍ പരിശോധിച്ച ശേഷം ഇരുവരെയും നാട്ടിലേയ്ക്ക് മടക്കി അയക്കുകയായിരുന്നുവെന്ന് റാന്നി പൊലീസ് അറിയിച്ചു.
ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയന് ഐഎസ്ഒ അംഗീകാരം
തിരുവനന്തപുരം: കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയന് ഐഎസ്ഒ അംഗീകാരം. സംസ്ഥാനത്തെ ക്രമസമാധാന പ്രവര്‍ത്തനങ്ങളില്‍ ലോക്കല്‍ പൊലീസിന് നല്‍കിയ സഹായം ഉള്‍പ്പെടെ വിവിധ സാമൂഹിക സേവന ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിയതിനാണ് അംഗീകാരം. തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിര്‍വഹണം, സ്‌പെഷ്യല്‍ ഡ്യൂട്ടിയായി ഏറ്റെടുത്തു നടത്തിയ പ്രവര്‍ത്തനങ്ങള്‍, പ്രകൃതിദുരന്ത മേഖലകളിലെ സേവനം, അപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപനവും, മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, ഹരിതചട്ടം നടപ്പിലാക്കല്‍, ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ രംഗങ്ങളിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ബറ്റാലിയന് ഐഎസ്ഒ 9001: 2015 സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് കേരളാ പൊലീസ് അറിയിച്ചു.
എസ്പി റാങ്കിലുള്ള കമാണ്ടന്റിന്റെ നേതൃത്വത്തില്‍ 770 പൊലീസ് ഉദ്യോഗസ്ഥരാണ് ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത് പ്രവര്‍ത്തിക്കുന്ന കെ.എ.പി അഞ്ചാം ബെറ്റാലിയനില്‍ സേവനം അനുഷ്ടിക്കുന്നത്. 273.24 ഏക്കര്‍ വരുന്ന സ്ഥലത്താണ് ഭൗതിക സൗകര്യങ്ങളും പരിശീലനവും നല്‍കുന്നത്. ഇതിനു പുറമേ മൂന്നാര്‍, മണിയാര്‍, എരുമേലി, കോട്ടയം എന്നിവിടങ്ങളില്‍ ഡിറ്റാച്‌മെന്റ് ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 2013ല്‍ പ്രവര്‍ത്തനം തുടങ്ങിയ അഞ്ചാം ബെറ്റാലിയന്റെ ഭാഗമായി ഹൈ-അള്‍ട്ടിട്യൂഡ് ട്രെയിനിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബറ്റാലിയന്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് പി.ഒ റോയ് അംഗീകാരം ഏറ്റുവാങ്ങി. ഐഎസ്ഒ ഡയറക്ടര്‍ എന്‍ ശ്രീകുമാര്‍ വിഷയാവതരണം നടത്തി.