1 കോടി തട്ടിച്ചു, നിക്ഷേപകരെ ചെക് നൽകിയും പറ്റിച്ചു, കാരാട്ട് കുറീസ് മുക്കം ഓഫീസിൽ റെയ്ഡ്

By Web Team  |  First Published Nov 25, 2024, 5:35 PM IST

പലർക്കും അടച്ച പണം കാലാവധി കഴിഞ്ഞിട്ടും തിരികെ കിട്ടിയില്ല. ചില നിക്ഷേപകരെ ചെക് നൽകിയും പറ്റിച്ചു


കോഴിക്കോട് : ചിട്ടി, നിക്ഷപ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട കാരാട്ട് കുറീസിന്റെ മുക്കത്തെ ഓഫീസിൽ പൊലീസ് റെയ്ഡ്. ഒരു കോടി രൂപയോളം തട്ടിയെടുത്തെന്ന നിക്ഷേപക പരാതിയിലാണ് പരിശോധന. രജിസ്റ്റർ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു. 
 
രാവിലെ പതിനൊന്നു മണിയോടെയാണ് മുക്കത്തെ ഓഫീസിൽ പൊലീസ് എത്തിയത്. അടച്ചിട്ട നിലയിലായിരുന്നു ഓഫീസ്. ജീവനക്കാരെ വിളിച്ചു വരുത്തിയാണ് ബ്രാഞ്ച് തുറപ്പിച്ചത്. നിക്ഷേപ രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകൾ പൊലീസ് പരിശോധിച്ചു. പലതും കസ്റ്റഡിയിലുമെടുത്തു.

ആറ് വർഷത്തോളമായി കാരാട്ട് കുറീസിന്റെ ബ്രാഞ്ച് മുക്കത്ത് പ്രവർത്തിക്കുന്നുണ്ട്. പലർക്കും അടച്ച പണം കാലാവധി കഴിഞ്ഞിട്ടും തിരികെ കിട്ടിയില്ല. ചില നിക്ഷേപകരെ ചെക് നൽകിയും പറ്റിച്ചു. ഇതോടെയാണ് ഇരുപതോളം നിക്ഷേപകർ മുക്കം പൊലീസിൽ പരാതിപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ സ്ഥാപനം പൂട്ടി പ്രതികൾ മുങ്ങി.  തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,
വയനാട് ജില്ലകളിലായി 14 ബ്രാഞ്ചുകളാണ് കാരാട്ട് കുറീസിനുള്ളത്. പാലമോട് ഉണ്ണിച്ചന്തം സ്വദേശി സന്തോഷ്, ഡയറക്ടർ മുബഷിർ എന്നിവരാണ് കാരാട്ട് കുറീസിൻ്റെ ഉടമകൾ. സംസ്ഥാനത്തിൻ്റെ പലയിടത്തും പരാതികൾ ഉയർന്നതോടെ, പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് തുടങ്ങിയിട്ടുണ്ട്.   

Latest Videos

click me!