ഷാഡോ ഡാൻസ് മുതൽ ആനിമൽ ഫാം വരെ, വ്യത്യസ്ത രുചികൾ, ക്രാഫ്റ്റ് ബസാർ; വൈവിധ്യങ്ങളുടെ റാഗ് ബാഗ് ഫെസ്റ്റിവൽ കോവളത്ത്

By Web Desk  |  First Published Jan 10, 2025, 9:33 AM IST

സംഗീതവും നാടകവും ഫുഡ് ഫെസ്റ്റും കരകൗശല മേളയുമെല്ലാം ചേർന്ന ഇന്‍റർനാഷണൽ പെർഫോമിങ് ആർട്സ് ഫെസ്റ്റിവൽ കോവളത്തെ കേരള ആർട്സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജിൽ ജനുവരി 14 മുതൽ 19 വരെ


തിരുവനന്തപുരം: വൈവിധ്യങ്ങളുടെ ആഘോഷവുമായി തിരുവനന്തപുരത്ത് റാഗ് ബാഗ് ഫെസ്റ്റിവൽ. സംഗീതവും നാടകവും മറ്റ് കലാരൂപങ്ങളും ഫുഡ് ഫെസ്റ്റിവലും കരകൌശല മേളയുമെല്ലാം ചേർന്ന ഇന്‍റർനാഷണൽ പെർഫോമിങ് ആർട്സ് ഫെസ്റ്റിവൽ കോവളത്തെ കേരള ആർട്സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജിൽ ജനുവരി 14 മുതൽ 19 വരെ നടക്കും. ഇന്ത്യ കൂടാതെ ഫ്രാൻസ്, പോളണ്ട്, ഇറ്റലി, ജർമനി, ഡെന്മാർക്ക്, ബെൽജിയം, സ്പെയിൻ, ചിലി എന്നിവിടങ്ങളിൽ നിന്നുള്ള വ്യത്യസ്ത കലാപ്രകടനങ്ങൾ ഈ ആറു ദിവസത്തെ മേളയിൽ അരങ്ങേറും. 

ഷാഡോ ഡാൻസിന്‍റെ വിസ്മയ കാഴ്ച റാഗ് ബാഗ് ഫെസ്റ്റിവലിൽ കാണാം. ബെൽജിയത്തിൽ നിന്നുള്ള ജെസ്സിയും ബെൻ ടെ കൈസറും ചേർന്നാണ് ഈ അപൂർവ കലാവിരുന്ന് ഒരുക്കുന്നത്. ജലത്തിന്‍റെയും വെളിച്ചത്തിന്‍റെയും സംഗീതത്തിന്‍റെയും ഭാവനാത്മക ലയത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന വൈകാരിക ലോകമാണിത്. അരങ്ങിൽ മനുഷ്യ സാന്നിധ്യമില്ലാതെ ആധുനിക സങ്കേതങ്ങളുടെ വിന്യാസത്തിലൂടെയാണിത് സാധ്യമാക്കുന്നത്. കണ്ടുശീലിച്ച രംഗാവിഷ്കാരങ്ങളെ ചോദ്യംചെയ്യുന്ന ജോർജ് ഓർവലിന്‍റെ ആനിമൽ ഫാം ആണ് ഫെസ്റ്റിവലിലെ മറ്റൊരു ആകർഷണം. പോളണ്ടിൽ നിന്നുള്ള കലാകാരന്മാരാണ് ഈ നാടകം അവതരിപ്പിക്കുന്നത്. 

Latest Videos

മൂകാഭിനയം, സർക്കസ്, ഫിസിക്കൽ കോമഡി എന്നിവ ചേർന്നതാണ് ജർമനിയിൽ നിന്നുള്ള ബനാൻ ഓ റാമ. ഒരു വയലനിസ്റ്റും രണ്ടു കലാകാരൻമാരും ചേർന്ന് വസ്ത്രങ്ങളുടെ ആഘോഷത്തിലൂടെ മനുഷ്യ സ്വത്വത്തിന്റെ സങ്കീർണതകളും വൈവിധ്യവും കാറ്റ് വാക് എന്ന കലാസൃഷ്ടിയിൽ അവതരിപ്പിക്കുന്നു. നെതർലാൻഡ്സിൽ നിന്നുള്ളവരാണ് ഈ കലാപ്രകടനത്തിന് പിന്നിൽ. വാസ്തുവിദ്യയും കലയും സംയോജിക്കുന്ന കലാ സൃഷ്ടിയാണ് ഇറ്റലിയിൽ നിന്നുള്ള ക്യൂബോ. ഏരിയൽ സർക്കസ്, ക്രെയിന് മുകളിലെ ക്യൂബ് പ്രകടനം, പ്രകാശ വിന്യാസങ്ങൾ, 50 മീറ്റർ ഉയരത്തിലെ ആക്രോബാറ്റിക്സ് എന്നിവ ശ്വാസമടക്കി പിടിച്ചേ ആസ്വദിക്കാൻ കഴിയൂ.

ഇതോടൊപ്പം ജയ ജെയ്റ്റ്ലി ക്യൂറേറ്റ് ചെയ്യുന്ന വിപുലമായ ക്രാഫ്റ്റ് ബസാർ ഒരുക്കിയിട്ടുണ്ട് . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 33 പരമ്പരാഗത കരകൗശല സംഘങ്ങൾ മേളയിൽ പങ്കെടുക്കുന്നു. കൈത്തറി വസ്ത്രങ്ങൾ, അപൂർവ ഡിസൈൻ ആഭരണങ്ങൾ, ഗൃഹാലങ്കാര വസ്തുക്കൾ,  മറ്റു മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവയുടെ വിപുലമായ പ്രദർശന വില്പന മേളയാണ് ഒരുക്കിയിരിക്കുന്നത് .

മാത്രമല്ല മുടിയേറ്റ്, നിഴൽപാവ കൂത്ത്, കബീർ ദാസിന്റെ കവിതകളുടെ സംഗീതാവിഷ്കാരം, വ്യത്യസ്ത രുചികൾ പരിചയപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റിവൽ എന്നിവയും റാഗ് ഫെസ്റ്റിവലിലുണ്ട്. എല്ലാ ദിവസവും പങ്കെടുക്കാവുന്ന ഫെസ്റ്റിവൽ പാസിന് 2000 രൂപയാണ്. ഒരു ദിവസത്തേക്ക് 500 രൂപ, നാലു പേർ അടങ്ങുന്ന കുടുംബത്തിന് 2200 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ടിക്കറ്റ് ബുക്ക് മൈ ഷോയിൽ ലഭ്യമാണ്.

26 വർഷത്തെ കാത്തിരിപ്പെന്ന് മന്ത്രി; സ്വർണക്കപ്പുമായെത്തിയ വിദ്യാർത്ഥികൾക്ക് തൃശൂരിൽ ഗംഭീര സ്വീകരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!