സംസ്ഥാനത്ത് നദികൾക്ക് കുറുകെയുള്ള പാലങ്ങൾ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങൾ ആക്കുന്ന പദ്ധതി സർക്കാർ നടപ്പിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വല്ലം കടവ് പാറപ്പുറം പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇതോടെ കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുന്നവർക്ക് കാലടിയിലെ ഗതാഗത കുരുക്ക് ഒഴിവാക്കി എളുപ്പത്തിൽ സഞ്ചരിക്കാനാകും.
സംസ്ഥാനത്ത് നദികൾക്ക് കുറുകെയുള്ള പാലങ്ങൾ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങൾ ആക്കുന്ന പദ്ധതി സർക്കാർ നടപ്പിലാക്കുമെന്ന് പാലം ഉദ്ഘാടനം ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഇതിനായി പാലങ്ങൾ വൈദ്യുത ദീപാലങ്കാരങ്ങൾ കൊണ്ട് മോടി പിടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ ഫാറൂഖ് പഴയ പാലം, എറണാകുളം ജില്ലയിൽ ആലുവ ശിവരാത്രി മണപ്പുറത്തുള്ള നടപ്പാലം എന്നിവിടങ്ങളിൽ പൈലറ്റ് പദ്ധതിക്ക് നടപടികൾ തുടങ്ങി എന്നും മന്ത്രി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരുവാർത്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പരോക്ഷമായി കുറ്റപ്പെടുത്തി മുൻ മന്ത്രി ജി സുധാകരൻ രംഗത്തെത്തി എന്നതാണ്. കഴിഞ്ഞ സർക്കാരിൽ താൻ ചെയ്ത കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നുവെന്നാണ് സുധാകരൻ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനവുമായി ജി സുധാകരൻ രംഗത്തെത്തിയത്. ആലപ്പുഴയിലെ കൊമ്മാടി ശവകോട്ട പാലങ്ങളുടെ ഉദ്ഘാടനം ഉടൻ നടക്കാനിരിക്കെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പരോക്ഷമായി കുറ്റപ്പെടുത്തി ജി സുധാകരൻ രംഗത്തെത്തിയത്. കൊമ്മാടി ശവകോട്ട പാലങ്ങളുടെ നിർമ്മാണം താൻ മന്ത്രി ആയിരിക്കെയാണ് തുടങ്ങി വെച്ചത്. താൻ മന്ത്രി ആയിരിക്കെ 500 പാലങ്ങളുടെ നിർമാണം നടത്തി. എന്നാൽ അതെ കുറിച്ച് എവിടെയും പറയുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ നേട്ടങ്ങളെ മറക്കുന്നത് ശരിയായ നടപടി അല്ലെന്നും ജി സുധാകരൻ അഭിപ്രായപ്പെട്ടു. ഉത്ഘാടനമായി ബന്ധപ്പെട്ട പോസ്റ്ററുകളിൽ എവിടെയും സുധാകരന്റെ പേരോ പടമോയില്ല. റിയാസ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ ഫ്ളക്സ് ബോർഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ആരിഫ്, ചിത്തരഞ്ജൻ, റിയാസ് എന്നിവരുടെ ചിത്രങ്ങളാണ് ഉള്ളത്. ഇതാണ് ജി സുധാകരന്‍റെ വിമർശനത്തിന് ആധാരമായതെന്നാണ് വ്യക്തമാകുന്നത്.