തമിഴ്നാട് സ്വദേശിയെ പെപ്പർ സ്പ്രേ അടിച്ച് ആക്രമിച്ച് പണം കവർന്ന കേസ്, പൾസർ സുനിയടക്കം 9 പ്രതികളെ വെറുതെ വിട്ടു

By Web Team  |  First Published Oct 4, 2024, 6:35 PM IST

പൾസർ അടക്കം 9 പേരെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഒന്ന് കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. 2014 മെയ് ഒന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. 


കോട്ടയം : കോട്ടയം കിടങ്ങൂരിൽ തമിഴ്നാട് സ്വദേശിയെ ആക്രമിച്ച് പണം കവർന്ന കേസിൽ പൾസർ സുനിയടക്കമുള്ള പ്രതികളെ വെറുതെ വിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് പൾസർ സുനിയടക്കം 9 പേ‍ർ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയത്. പത്ത് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.

2014 മെയ്യ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പാലയിലെ ഒരു ജ്വല്ലറിയിൽ സ്വ‍ർണം വിറ്റ ശേഷം ഏഴ് ലക്ഷം രൂപയുമായി കെഎസ്ആർടിസി ബസിൽ പോകുകയായിരുന്ന തമിഴ്നാട് സ്വദേശിയെ ഒരു സംഘം ആക്രമിച്ച് പണം കവർന്നെന്നായിരുന്നു കേസ്. തമിഴ്നാട് സ്വദേശിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷമായിരുന്നു കവർച്ച. പൾസർ സുനിക്ക് പുറമെ ജെയിംസ് മോൻ, ബുള്ളറ്റ് സജി, സുബൈർ, രഞ്ജിത്ത് , നിധിൻ ജോസഫ്, ജിതിൻ രാജു, ദിലീപ്, ടോം ജോസഫ് എന്നിവരായിരുന്നു പ്രതികൾ. പൊലീസിന്റെ കുറ്റപത്രം പ്രകാരം ജിതിനാണ് ബസിനുള്ളിൽ കയറി തമിഴ്നാട് സ്വദേശിയെ ആക്രമിച്ചത്. പൾസർ സുനിയടക്കമുള്ള മറ്റ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്യതവരാണ്. കവ‍ർച്ച നടത്തിയ ജിതിനെ രക്ഷപെടാൻ സഹായിച്ചതും പൾസർ സുനിയാണെന്നായിരുന്നു കുറ്റപത്രം.

Latest Videos

undefined

ജ്വല്ലറിയിലെ ഒരു ജീവനക്കാരനാണ് പൾസർ സുനിയ്ക്ക് തമിഴ്നാട് സ്വദേശി പണവുമായി പോകുന്ന വിവരം ചോർത്തി നൽകിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ജ്വല്ലറിയിലെ ജീവനക്കാരെ അറസ്റ്റ് ചെയ്തതിൽ നിന്നാണ് അന്ന് പൾസർ സുനിയിലേക്ക് പൊലീസ് എത്തിയത്. ഇതെല്ലാം ചേർത്താണ് പൊലീസ് കുറ്റപത്രം നൽകിയത്. പൾസർ സുനിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കവർച്ചയെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. പക്ഷെ വാദം സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ പ്രൊസീക്യൂഷന് കഴിഞ്ഞില്ല. സാക്ഷി മൊഴികളിലെ വൈരുധ്യവും പ്രതികൾക്ക് സഹായകമായി

 

കാശുവച്ച് ചീട്ടുകളി, അറസ്റ്റിലായവരിൽ ഗ്രാമത്തലവനും അടുപ്പക്കാരും, റെയ്ഡ് രഹസ്യ വിവരത്തിന് പിന്നാലെ

 

click me!