അപകടത്തിൽ വലതുകാലിലെ അസ്ഥിക്ക് പൊട്ടലേറ്റ് നടക്കാനാകാത്ത അവസ്ഥയിലാണ് രമ്യ
ആലപ്പുഴ: നാല് പേരുടെ മരണത്തിനിടയാക്കിയ ഇടുക്കി പുല്ലുപാറ അപകടത്തിന്റെ ആഘാതത്തിലും കെ എസ് ആർ ടി സി ബസിന്‍റെ കണ്ടക്ടർ ആർ എസ് രമ്യ, അപകടത്തിൽ മരണപ്പെട്ട യാത്രക്കാരിയായ ബിന്ദു ഉണ്ണിത്താന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ‘ഏറെ സന്തോഷത്തോടെയുള്ള യാത്രയായിരുന്നു. ഇങ്ങനെയൊരു ദുരന്തത്തിലെത്തുമെന്ന് ഒരിക്കലും കരുതിയില്ല’- പറയുമ്പോഴേക്കും രമ്യയുടെ വാക്കുകൾ മുറിഞ്ഞു. മാവേലിക്കര ഡിപ്പോയിലെ ബജറ്റ് ടൂറിസത്തിന്റെ സ്ഥിരം കോ - ഓർഡിനേറ്റർ കൂടിയാണ് രമ്യ. അപകടത്തിൽ വലതുകാലിലെ അസ്ഥിക്ക് പൊട്ടലേറ്റ് നടക്കാനാകാത്ത അവസ്ഥയിലാണെങ്കിലും ബിന്ദുവിനെ അവസാനമായി കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനായി രമ്യ എത്തി. കസേരയിലിരുത്തി എടുത്താണു രമ്യയെ ബിന്ദുവിന്റെ മൃതദേഹത്തിനരികിലേക്ക് എത്തിച്ചത്.
കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; അടിയന്തര അന്വേഷണത്തിന് നിര്‍ദേശം
‘ബിന്ദുച്ചേച്ചിക്ക് പുറമേക്ക് കുഴപ്പമൊന്നും തോന്നിയില്ല. മരിക്കുമെന്നു കരുതിയതേയില്ല’ - രമ്യ പറഞ്ഞു. ‘തഞ്ചാവൂരിൽ നിന്ന് രാത്രി 10 മണിയോടെയാണു മടക്കയാത്ര തുടങ്ങിയത്. കുമളി പിന്നിട്ടപ്പോഴാണു ബസിന്റെ ബ്രേക്ക് പോയെന്നു ഡ്രൈവർ രാജീവ് വിളിച്ചു പറയുന്നത്. ഞാൻ എഴുന്നേറ്റു നിന്നു നോക്കുമ്പോൾ ബസ് നിയന്ത്രണം വിടുന്നതാണു കണ്ടത്. റോഡിൽ വട്ടം കറങ്ങി ബസ് താഴേക്കു പതിച്ചു. വണ്ടി എവിടെയോ തങ്ങി നിന്നു എന്നുറപ്പായപ്പോൾ പേരുകൾ ഉച്ചത്തിൽ വിളിച്ചു. എല്ലാവരും വിളി കേട്ടു സംഗീതിന്റെയും അരുണിന്റെയും കാര്യവും അതുപോലെ തന്നെയായിരുന്നു. പുറമേ പരുക്കുകളൊന്നുമില്ല. രമ മോഹനനു മാത്രമാണു പരുക്കുകൾ പ്രകടമായിരുന്നത്. രക്ഷാപ്രവർത്തകരെത്തി റോഡിലെത്തിക്കും മുൻപേ രമ മരിച്ചു. ബസിന്റെ ടാങ്ക് നിറയെ ഇന്ധനം ഉണ്ടായിരുന്നെങ്കിലും തീ പിടിച്ചില്ല. തീ പിടിച്ചിരുന്നെങ്കില്‍ വലിയ ദുരന്തമായി മാറുമായിരുന്നു’ – രമ്യ വിവരിച്ചു.
ജനുവരി ആറാം തിയതിയായിരുന്നു നാടിനെ നടുക്കിയ പുല്ലുപ്പാറ അപകടം സംഭവിച്ചത്. കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മുള്ളിക്കുളങ്ങര സ്വദേശി രമ മോഹൻ, കാർത്തിക സ്വദേശി തട്ടാരമ്പലം അരുൺ ഹരി, തട്ടാരമ്പലം സ്വദേശി സംഗീത്, മാവേലിക്കര സ്വദേശിനി ബിന്ദു എന്നിവരാണ് മരിച്ചത്. മാവേലിക്കരയിൽ നിന്ന് കെ എസ് ആർ ടി സി ബസ് വാടകക്കെടുത്ത് തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകട സമയത്ത് ബസിൽ 34 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം