'ആദ്യം സർവീസ് റോഡ് പണിയൂ'; മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാതയിൽ സുരക്ഷാ വേലി സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞു

By Web Desk  |  First Published Jan 3, 2025, 11:16 AM IST

വാണിയമ്പാറ മുതല്‍ വടക്കഞ്ചേരി വരെ 21 ഇട റോഡുകള്‍ ദേശീയപാതയിലേക്കു പ്രവേശിക്കുന്നുണ്ട്. എന്നിട്ടും സര്‍വീസ് റോഡ് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.


തൃശൂര്‍: ദേശീയപാത മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയില്‍ മേരിഗിരിയില്‍ സുരക്ഷാ വേലി സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. റോഡ് സുരക്ഷിതമാക്കാന്‍ എന്ന പേരിലാണ് ദേശീയപാത അതോറിറ്റി ദേശീയപാതയില്‍നിന്ന് ഒരു മീറ്റര്‍ മാറി ഇരുമ്പു വേലി സ്ഥാപിക്കുന്നത്. എന്നാല്‍ മേരി ഗിരി മുതല്‍ ചുവട്ടുപാടം വരെ ആദ്യം സര്‍വീസ് റോഡ് പൂര്‍ത്തിയാക്കണമെന്നും അതിനു ശേഷം വേലി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് പന്തലാംപാടം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍മാണം തടഞ്ഞത്. 

ദേശീയപാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങിയ സംഘം പരിശോധന നടത്തിയപ്പോള്‍ സര്‍വീസ് റോഡ് പൂര്‍ത്തിയാക്കാന്‍ ദേശീയപാത അതോറിറ്റി സമ്മതിച്ചതാണെന്നാണ് ജനകീയ കൂട്ടായ്മ പ്രസിഡന്റ് ജോര്‍സി ജോസഫ് പറയുന്നത്. റോഡ് പൂര്‍ത്തിയാക്കാതെ വേലി സ്ഥാപിക്കുന്നത് അപകടം കൂട്ടുമെന്ന് സംയുക്ത സമര സമിതി ഭാരവാഹി പി.ജെ. ജോസും പ്രതികരിച്ചു. നിലവില്‍ വാണിയമ്പാറ മുതല്‍ വടക്കഞ്ചേരി വരെ 21 ഇട റോഡുകള്‍ ദേശീയപാതയിലേക്കു പ്രവേശിക്കുന്നുണ്ട്. എന്നിട്ടും സര്‍വീസ് റോഡ് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.

Latest Videos

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ എട്ടുപേരാണ് വിവിധ അപകടങ്ങളില്‍ മരിച്ചത്. ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവം ആയതോടെ നിര്‍മാണ അപാകതകള്‍ കണ്ടത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ദേശീയപാതയില്‍ പലഭാഗത്തും സര്‍വീസ് റോഡ് ഇല്ല. വാണിയമ്പാറയില്‍ തുടങ്ങുന്ന സര്‍വീസ് റോഡ് നീലിപ്പാറയില്‍ അവസാനിപ്പിച്ചു. പിന്നീട് പന്തലാംപാടത്തു റോഡ് ഉണ്ടെങ്കിലും മേരിഗിരി മുതല്‍ ശങ്കരംകണ്ണന്‍തോട് വരെ ഇല്ല. പന്നിയങ്കരയിലും ഒരു ഭാഗത്തു സര്‍വീസ് റോഡില്ല. വെള്ളച്ചാലുകള്‍ ഇല്ലാത്തതു മുലം പറമ്പുകളില്‍ വെള്ളം കയറി നാശമുണ്ടായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. നിര്‍മാണ അപാകത മൂലം ഹൈവേയുടെ അരികിലുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.

Read More : കുറ്റ്യാടിയിൽ നിർത്തിയിട്ട കാർ, മകൾ ഉറങ്ങുന്നതിനാൽ എഞ്ചിൻ ഓഫാക്കിയില്ല; വണ്ടിയുമായി മുങ്ങി യുവാവ്, അറസ്റ്റിൽ
 

click me!