പ്രമുഖ കമ്പനികളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്നുളള ധനസഹായം, ഗൃഹോപകരണങ്ങൾ തൊട്ട് ഇരുചക്ര വാഹനങ്ങൾ വരെ പകുതി വിലയ്ക്ക്- ഇതാണ് അനന്തുവിൻ്റെ തട്ടിപ്പ് രീതി
തൊടുപുഴ: വൻകിട കമ്പനികളുടെ സിഎസ്ആർ ഫണ്ടുപയോഗിച്ച് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ വെട്ടിച്ച യുവാവിനെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കുടയത്തൂർ സ്വദേശി അനന്ദു കൃഷ്ണനെയാണ് പൊലീസ് പിടികൂടിയത്. സംസ്ഥാനത്താകെ ഇയാൾ സമാന രീതിയിൽ കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.
പ്രമുഖ കമ്പനികളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്നുളള ധനസഹായം, ഗൃഹോപകരണങ്ങൾ തൊട്ട് ഇരുചക്ര വാഹനങ്ങൾ വരെ പകുതി വിലയ്ക്ക്- ഇതാണ് അനന്തുവിൻ്റെ തട്ടിപ്പ് രീതി. പകുതി തുക മുൻകൂറായി അടച്ച് കാത്തിരിക്കണം. ഊഴമെത്തുമ്പോൾ സാധനങ്ങൾ കിട്ടുമെന്നാണ് വാഗ്ദാനം.
മുവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്ന പേരിൽ സൊസൈറ്റി രൂപീകരിച്ചായിരു്നനു തട്ടിപ്പ്. 2022 മുതൽ ഇരുചക്ര വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ, ലാപ്ടോപ്, തയ്യൽ മെഷീൻ എന്നിവക്ക് 50% ഇളവിൽ നൽകും എന്ന് സംസ്ഥാനത്ത് ഉടനീളം പ്രചരിപ്പിച്ച് സന്നദ്ധ സംഘടനകളെയുൾപ്പെടെ ഇയാൾ വഞ്ചിച്ചിട്ടുണ്ട്. മൂവാറ്റുപുഴയിൽ മാത്രം ഇത്തരത്തിൽ 9 കോടി തട്ടിയെന്നാണ് കണ്ടെത്തൽ. നേരത്തെ സമാന രീതിയിലുളള തട്ടിപ്പിന് അനന്തുവിനെതിരെ അടിമാലി പൊലീസ് കേസെടുത്തിരുന്നു.
ഒരു കമ്പനിയും ഇത്തരത്തിൽ വാഗ്ദാനങ്ങളൊന്നും നൽകിയിട്ടില്ലെന്നാണ് എറണാകുളം റൂറൽ എസ് പി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് വരെ ഒരു കമ്പനിയിൽ നിന്നും സി.എസ്.ആർ ഫണ്ട് കിട്ടിയിട്ടില്ലെന്ന് പ്രതി സമ്മതിച്ചായി പൊലീസ് അറിയിച്ചു. വിശ്വാസം നേടിയെടുക്കാൻ ആദ്യ ഘട്ടത്തിൽ ബുക്ക് ചെയ്ത ചിലർക്ക് ഇരുചക്ര വാഹനവും ലാപ്ടോപ്പുമൊക്കെ നൽകി. തുടർന്നായിരുന്നു വിപുലമായ തട്ടിപ്പ്. പിരിഞ്ഞുകിട്ടിയ കോടികൾ ആർഭാട ജീവിതത്തിനുപയോഗിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. സമാന രീതിയിൽ പുതിയ തട്ടിപ്പിന് കളമൊരുക്കുമ്പോഴാണ് ഇയാൾ പൊലീസ് വലയിലാകുന്നത്.
തിരൂരിൽ അമ്മയുമായി പിണങ്ങി നാടുവിട്ടു; പെൺകുട്ടിയെ കണ്ടെത്തിയത് വിജയവാഡയിൽ നിന്ന്