പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ ചേർത്തലയിൽ ബസ് ലോറിയിൽ ഇടിച്ചു, വിദ്യാര്‍ത്ഥികളടക്കം നിരവധിപേർക്ക് പരിക്ക്

By Web Team  |  First Published Dec 18, 2024, 10:25 PM IST

ആശീര്‍വാദ് എന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാലിത്തീറ്റ ഇറക്കികൊണ്ടിരുന്ന നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ ഇടിയ്ക്കുകയായിരുന്നു


ചേര്‍ത്തല: നിയന്ത്രണം വിട്ട സ്വകാര്യബസ് ലോറിയ്ക്ക് പിന്നിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം 25 ഓളം പേര്‍ക്ക് പരിക്ക്. ചേര്‍ത്തല വയലാര്‍ കൊല്ലപ്പള്ളി ക്ഷേത്രത്തിന് സമീപം ബുധനാഴ്ച വൈകിട്ട് 4മണിയോടെയായിരുന്നു അപകടമുണ്ടായത്. 6 ഓളം വിദ്യാര്‍ത്ഥികളും, അധ്യാപകരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. 

എറണാകുളത്ത് നിന്ന് ചേര്‍ത്തലയ്ക്ക് വരുകയായിരുന്ന ആശീര്‍വാദ് എന്ന സ്വകാര്യ ബസാണ്  അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാലിത്തീറ്റ ഇറക്കികൊണ്ടിരുന്ന നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ ഇടിയ്ക്കുകയായിരുന്നു. ബസ്സിന്റെ മുന്‍ഭാഗത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ എല്ലാവര്‍ക്കും തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. 

Latest Videos

undefined

വിവിധ വാഹനങ്ങളില്‍ ഇരുപതോളം പേരെ ചേര്‍ത്തല താലൂക്കാശുപത്രിയിലെത്തിച്ചു. പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ചേര്‍ത്തല പട്ടണക്കാട് പബ്ലിക്ക് സ്‌കൂളിലെ 5 വിദ്യാത്ഥിനികള്‍ക്കും ഒരു ആണ്‍കുട്ടിയ്ക്കുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ 2 പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും, ഒരാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി.  പാതിരാപ്പള്ളി, പുത്തന്‍പുരയ്ക്കല്‍ മൈക്കിള്‍ (80), തൈക്കല്‍ പള്ളി പറമ്പ് മറിയാമ്മ (50), പട്ടണക്കാട് വാതാ പറമ്പില്‍ തങ്കച്ചി (53) എന്നിവരെയാണ്  വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടു പോയത്. 

ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബസിന്റെ ഡ്രൈവറായ തണ്ണീര്‍മുക്കം സ്വദേശി കെ. ജെ ജോസഫിനെതിരെ ചേര്‍ത്തല പൊലീസ്  കേസെടുത്തു.സംഭവമറിഞ്ഞ്മന്ത്രി പി. പ്രസാദ്, മുന്‍ എം.പി. എ.എം. ആരീഫ്, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗ്ഗവന്‍,എ.ഡി.എം.ആശാ സി.എബ്രഹാം, തഹസീല്‍ദാര്‍ കെ.ആര്‍.മനോജ്,നഗരസഭ  വൈസ് ചെയര്‍മാന്‍ ടി.എസ്. അജയകുമാര്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!