35 രൂപ പോലും കിട്ടാനില്ല, കെഎസ്ആർടിസിയുടെ ഈ കുത്തക റൂട്ടുകൾ ഇനി സ്വകാര്യ ബസുകൾ ഭരിക്കും

By Web Desk  |  First Published Jan 10, 2025, 12:48 PM IST

കെ എസ് ആർ ടി സി ബസ് മാത്രം ഓടിയിരുന്ന റൂട്ടുകളിൽ ആലപ്പുഴ ജില്ലയിൽ മാത്രം 32 സ്വകാര്യബസുകൾക്ക് പുതുതായി പെർമിറ്റ് നൽകിയിട്ടുണ്ട്


ആലപ്പുഴ: കെഎസ്ആർടിസി ട്രിപ്പുകള്‍ നിര്‍ത്തലാക്കിയ റൂട്ടുകളിൽ സ്വകാര്യബസുകൾക്ക് അനുമതി. ഒരു കിലോമീറ്ററിൽ നിന്നുള്ള വരുമാനം (ഏണിങ് പെർ കിലോമീറ്റർ) 35 രൂപയിൽ കുറവുള്ള സർവീസുകൾ അയയ്ക്കേണ്ടതില്ലെന്ന നിർദേശത്തെ തുടർന്നാണ് സ്വകാര്യ മേഖലയ്ക്ക് അനുമതി നൽകുന്നത്. ആലപ്പുഴ ജില്ലയിൽ മാത്രം 32 സ്വകാര്യബസുകൾക്ക് പുതുതായി പെർമിറ്റ് നൽകിയിട്ടുണ്ട്.

കെഎസ്ആർടിസി യുടെ കുത്തകയായിരുന്ന തോട്ടപ്പള്ളി-കരുനാഗപ്പള്ളി ചെയിൻ സർവീസിന്റെ സ്ഥാനത്ത് ഇനി മുതൽ സ്വകാര്യ ബസുകൾ ഓടിക്കും. ഈ തീരദേശപാതയിൽ ഒട്ടേറെ സ്വകാര്യ ബസുകൾക്ക് പുതിയ പെർമിറ്റുകൾ അനുവദിക്കുമെന്നാണ് അറിയുന്നത്. ഇവിടെ സ്വകാര്യ ബസുകൾ ഹ്രസ്വദൂര സർവീസുകളേ നടത്തിയിരുന്നുള്ളൂ. കരുനാഗപ്പള്ളി-തോട്ടപ്പള്ളി റൂട്ടിലെ കെഎസ്ആർടിസി  ചെയിൻ സർവീസിന്റെ കണ്ണി മുറിച്ചതിനു പിന്നാലെയാണ് സ്വകാര്യ ബസുകൾക്ക് കൂട്ടത്തോടെ അനുമതികൊടുക്കുന്നത്.

Latest Videos

വർഷങ്ങളായി ചെയിനായി കെഎസ്ആർടിസി സർവീസ് നടത്തിയിരുന്ന ചെങ്ങന്നൂർ-കൊല്ലം, പുനലൂർ-കായംകുളം തുടങ്ങിയ റൂട്ടുകളിലും സ്വകാര്യ ബസുകൾക്ക് അനുമതിനൽകാൻ നീക്കമുണ്ട്. ഇവിടങ്ങളിൽ സ്വകാര്യബസുകൾ അനുമതിക്ക് അപേക്ഷിച്ചതായാണ് വിവരം. കെഎസ്ആർടിസി മാത്രം സർവീസ് നടത്തിയിരുന്ന കുട്ടനാട്ടിൽ ആദ്യമായി സ്വകാര്യബസിന് അനുമതി നൽകിയിട്ടുണ്ട്. പുന്നപ്രയിൽനിന്ന് കൈനകരിയിലേക്കുള്ള സർവീസിനാണ് ആലപ്പുഴ ജില്ലാ ആർ ടിഎ ബോർഡ് യോഗം അനുമതി നൽകിയത്.

8 വർഷത്തിനിടെ കെഎസ്ആർടിസി ആക്രി വിലയ്ക്കു വിറ്റത് 2089 പഴകിയ ബസുകൾ, നേടിയത് 39 കോടി

വിവിധ ജില്ലകളിൽ ഗ്രാമീണമേഖലയിലെ കെഎസ്ആർടിസി റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകാൻ നീക്കമുണ്ട്. കെഎസ്ആർടിസി ട്രിപ്പുകൾ മുടക്കുന്നതിനാൽ, ആർ ടി എ ബോർഡ് യോഗങ്ങളിൽ സ്വകാര്യ പെർമിറ്റിനെ എതിർക്കാൻ കെഎസ്ആർടിസി  പ്രതിനിധികൾക്ക് സാധിക്കാത്ത സ്ഥിതിയാണ്. ലാഭകരമായി ഓടുന്ന ചെയിൻ സർവീസുകളിൽ പലതിന്റെയും ഉച്ചസമയങ്ങളിലെ ട്രിപ്പ് മുടക്കാൻ കെഎസ്ആർടിസി മാനേജ്മെന്റ് അടുത്തിടെ നിർദേശിച്ചിരുന്നു. ഒരു കിലോമീറ്ററിൽനിന്നുള്ള വരുമാനം 35 രൂപയിൽ കുറവുള്ള ട്രിപ്പുകളാണ് മുടക്കിയത്. ഒരുദിവസത്തെ വരുമാനം കണക്കാക്കിയാൽ ഈ സർവീസുകളിൽ പലതും വലിയ ലാഭമായിട്ടും ചെയിൻ സർവീസുകൾ മുടക്കുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു.

സ്വകാര്യബസുകള്‍ക്ക് അനുമതി കൊടുത്ത റൂട്ടുകള്‍
മുഹമ്മ പുത്തനമ്പലം- അമ്പലപ്പുഴ ക്ഷേത്രം, മെഡിക്കല്‍ കോളജ്- ചെല്ലാനം, മെഡിക്കല്‍ കോളജ്- തൈക്കല്‍ ബീച്ച്, ഓച്ചിറ-ചെങ്ങന്നൂര്‍, ശാസ്താംകോട്ട- ചെങ്ങന്നൂര്‍, തെക്കേചെല്ലാനം- മെഡിക്കല്‍ കോളജ്, മണ്ണാറശാല ക്ഷേത്രം- ചെങ്ങന്നൂര്‍ സ്വകാര്യ ബസ് സ്റ്റാന്റ്, തെക്കേ ചെല്ലാനം- വണ്ടാനം ഹോസ്പിറ്റല്‍ ജംഗ്ഷന്‍, പുന്നപ്ര സാഗര സഹകരണ ആശുപത്രി- കൈനകരി കോലോത്ത് ജെട്ടി, തോട്ടപ്പള്ളി-വലയീഴീക്കല്‍ (രണ്ട് സര്‍വീസ്), കണിച്ചുകുളങ്ങര- എറണാകുളം- കലൂര്‍ (കോടതി ഉത്തരവ് മാനിച്ച് നിലവിലുള്ള കണിച്ചുകുളങ്ങര- ചേര്‍ത്തല സര്‍വീസ് പരിഷ്ക്കരിച്ചാണ് ഇത് അനുവദിച്ചത്.)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!