പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ അടിപൊളി ഫുഡ് വാനുമായി ജയിൽവകുപ്പ്. തലസ്ഥാനത്തെ ഭക്ഷണ പ്രേമികൾക്കാണ് പുതുരുചിയിടം
തിരുവനന്തപുരം: തലസ്ഥാനത്തെ ഭക്ഷണ പ്രേമികൾക്കിടയിൽ ഹിറ്റായി മാറിയ ജയിൽവകുപ്പിന്‍റെ ഭക്ഷണം ഇനി തട്ടുകട രൂപത്തിൽ റോഡരുകിൽ നിന്നും കഴിക്കാം. നിലവിൽ സെൻട്രൽ ജയിലിന് സമീപത്തെ കഫെറ്റീരിയക്ക് മുന്നിലായി ഉദ്ഘാടനം പൂർത്തിയാക്കി നിർത്തിയിരിക്കുന്ന വാഹനത്തിലേക്ക് ലൈവ് ചായ, ദോശ, അപ്പം, ബീഫ്, ചിക്കൻ തുടങ്ങിയ വിഭങ്ങൾ കുറഞ്ഞ നിരക്കിൽ നൽകാനാണ് തീരുമാനം. ഇത് ജയിൽ കോംപൗണ്ടിൽ നിന്നും പുറത്തേക്ക് മാറ്റും.
നേരത്തെ കഫെറ്റീരിയിലായിരുന്നു പാഴ്സൽ കൗണ്ടറുകളും ഉണ്ടായിരുന്നു. ഇത് മാറ്റിയാണ് പുതിയ സംവിധാനം ആരംഭിച്ചിട്ടുള്ളത്. ജയിൽ വകുപ്പിന്‍റെ പഴയ ആംബുലൻസ് പെയിന്‍റ് ചെയ്‌തു പുത്തനാക്കിയാണ് തട്ടുകടയും പാഴ്സൽ കൗണ്ടറും ആരംഭിച്ചത്. ആളുകൾക്ക് റോഡിന്‍റെ ഓരം ചേർന്ന് നിന്ന് ചായയും പലഹാരങ്ങളും കഴിക്കുന്നതിന് ഒപ്പം പാഴ്‌സലുകളും വാങ്ങി മടങ്ങാം. കഫെറ്റീരിയയിലേക്ക് ചായ കുടിക്കാനായി എത്തുന്നവരെ ലക്ഷ്യമിട്ടാണ് തട്ടുകട വാൻ ആരംഭിച്ചിരിക്കുന്നത്.
ചായയ്ക്ക് ഒപ്പം ജയിൽ അന്തേവാസികൾ ഉണ്ടാകുന്ന പലഹാരങ്ങളും കഴിക്കാം. ജയിൽ വകുപ്പിന്‍റെ വളരെ വർഷങ്ങൾ പഴക്കമുള്ള വാഹനമാണ് നശിപ്പിക്കാതെ തന്നെ പുതിയ പദ്ധതിക്കായി രൂപമാറ്റം വരുത്തിയിരിക്കുന്നതെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. കഫെറ്റീരിയയിലെ ഭക്ഷണം പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിലായതിനാൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. റോഡിലേക്ക് പുതിയ തട്ടുകട എത്തുന്നതോടെ ജനങ്ങൾക്ക് പാതയോരത്ത് നിന്നും ഭക്ഷണം ആസ്വദിക്കാനാകുമെന്നും ദോശയും ചായയും ഉൾപ്പടെ പുതുതായി എത്തുന്നതോടെ കൂടുതൽ പേർ ഭക്ഷണം കഴിക്കാനെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ജയിൽ അധികൃതർ പറയുന്നു.
കൗണ്ടറുകളിലൂടെ നൽകി വന്ന ചപ്പാത്തി, ചിക്കൻ, ബീഫ്, ബിരിയാണികൾ പലഹാരങ്ങൾ തുടങ്ങി നിലവിൽ ലഭിക്കുന്ന എല്ലാ സാധനങ്ങളും തട്ടുകട വാനിലൂടെയും വാങ്ങാം. ഇത് കൂടാതെ നഗരത്തിലുടനീളം ജയിൽ വകുപ്പിന്‍റെ കൗണ്ടറുകളിലൂടെയും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. തമ്പാനൂർ ബസ്റ്റാന്‍റ്, മെഡിക്കൽ കോളെജ്, മ്യൂസിയം, ടെക്നോപാർക്ക് തുടങ്ങി വിവിധയിടങ്ങളിൽ കുറഞ്ഞ നിരക്കായതിനാൽ തന്നെ വലിയ സ്വീകാര്യതയാണ് ജയിൽ ഭക്ഷണങ്ങൾക്ക് ലഭിക്കുന്നത്.
ചിക്കൻ കറി- 30 , ചിക്കൻ ഫ്രൈ- 45 , ചില്ലി ചിക്കൻ- 65 , മുട്ടക്കറി- 20, വെജിറ്റബിൾ കറി- 20 , ചിക്കൻ ബിരിയാണി- 70 , വെജിറ്റബിൾ ഫ്രൈഡ്‌റൈസ്- 40 (35), മുട്ട ബിരിയാണി- 55 (50), അഞ്ച് ഇഡ്ഡലി, സാമ്പാർ, ചമ്മന്തിപ്പൊടി- 35, ഇടിയപ്പം അഞ്ചെണ്ണം- 30 , പൊറോട്ട (നാലെണ്ണം)- 28 ഇങ്ങനെ നിരക്കിൽ ഇനി തട്ടുകട വാനിൽ നിന്നും വാങ്ങാനാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം