'മോഷണം പോയെന്ന് പറഞ്ഞ ലോട്ടറിക്ക് സമ്മാനം, വാങ്ങിയത് തങ്കമണി തന്നെ'; ആക്രമണ പരാതിയിൽ ട്വിസ്റ്റ്, സംഭവം ഇങ്ങനെ

By Web Team  |  First Published Nov 16, 2024, 2:38 PM IST

തന്‍റെ കൈവശമുണ്ടായിരുന്ന 2000 രൂപയുടെ ലോട്ടറിയും, 500 രൂപയും യുവാക്കൾ തന്നെ തള്ളി വീഴ്ത്തിയ ശേഷം കവര്‍ന്നു എന്നായിരുന്നു തങ്കമണി പൊലീസിന് നൽകിയ പരാതിയില്‍ പറഞ്ഞത്.


തൃശൂര്‍: ബൈക്കിലെത്തി ആക്രമിച്ച് ലോട്ടറിയും പണവും കവര്‍ന്നുവെന്ന ലോട്ടറി വില്പനക്കാരിയുടെ പരാതി തെറ്റിദ്ധാരണമൂലമെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ്. സാക്ഷി മൊഴിയുടെയും സി.സി.ടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ കേസ് നടപടികള്‍ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഗുരുവായൂര്‍ ഐനികുളങ്ങര പരേതനായ കൃഷ്ണന്റെ ഭാര്യ  തങ്കമണിയാണ് (74) കഴിഞ്ഞ മൂന്നിന് തന്നെ ബൈക്കിലെത്തിയ യുവാക്കൾ ആക്രമിച്ച് ലോട്ടറിയപം പണവും തട്ടിയെടുത്തെന്ന പരാതിയുമായി പൊലീസിന് മുന്നിലെത്തിയത്.

തന്‍റെ കൈവശമുണ്ടായിരുന്ന 2000 രൂപയുടെ ലോട്ടറിയും 500 രൂപയും യുവാക്കൾ തന്നെ തള്ളി വീഴ്ത്തിയ ശേഷം കവര്‍ന്നു എന്നായിരുന്നു തങ്കമണി പൊലീസിന് നൽകിയ പരാതിയില്‍ പറഞ്ഞത്. തല പൊട്ടിയ ഇവര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയും തേടി. ഇത് മൂന്നാമത്തെ തവണയാണ് താൻ ആക്രമണത്തിനിരയാകുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പ്രതികളെ  പിടികൂടണമെന്നാവശ്യപ്പെട്ട് ലോട്ടറി വില്പനക്കാര്‍ നഗരത്തില്‍ പ്രകടനവും നടത്തി.

Latest Videos

undefined

എന്നാൽ നഷ്ടപ്പെട്ടുവെന്ന് ഇവര്‍ പറഞ്ഞിരുന്ന ലോട്ടറിയില്‍ 12000 രൂപയുടെ സമ്മാനം ഉണ്ടായിരുന്നു. ഈ തുക ഇവര്‍ തന്നെയാണ് കൈപ്പറ്റിയിട്ടുള്ളതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. നടന്ന് പോകവേ അബദ്ധത്തിലുള്ള വീഴ്ചയില്‍ കല്ലില്‍ തട്ടി വയോധികയായ തങ്കമണിയുടെ തല പൊട്ടിയതാകാമെന്നാണ് പൊലീസ് പറയുന്നത്. അപ്രതീക്ഷിതമായ വീഴ്ചയില്‍ ഉണ്ടായ മാനസിക സംഘര്‍ഷമാണ് ആക്രമണമെന്ന് തെറ്റിദ്ധരിച്ചതെന്ന് തങ്കമണിയും പൊലീസിനോട് പറഞ്ഞു. ഇവരുടെ പ്രായം കണക്കിലെടുത്ത് കൂടുതല്‍ നടപടിയില്ലാതെ കേസ് തീര്‍ക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.

Read More: 

click me!