പോളിസി ആനുകൂല്യം നിഷേധിച്ചു: 50,000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ
മലപ്പുറം: കൊറോണ രക്ഷക് പോളിസിയുടമക്ക് ആനുകൂല്യം നിഷേധിച്ചതിനെ തുടർന്ന് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയോട് 50,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. നഷ്ടപരിഹാരം കൂടാതെ ഇൻഷൂറൻസ് തുകയായ 1.5 ലക്ഷം രൂപയും കോടതി ചെലവായി 5,000 രൂപ നൽകാനും കമ്മീഷന്‍ ഉത്തരവായി.
ഊരകം കീഴമുറി സ്വദേശി വള്ളിക്കാടൻ കമറുദീൻ സമർപ്പിച്ച പരാതിയിലാണ് വിധി. പരാതിക്കാരന് കൊവിഡ് ബാധിക്കുകയും വേങ്ങര ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹെൽത്ത് സെന്ററിൽ ചികിത്സ നടന്നിട്ടില്ലെന്നും അവിടെ സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ മാത്രമാണെന്നും പറഞ്ഞാണ് കമ്പനി ഇൻഷൂറൻസ് തുക നിഷേധിച്ചത്. ഇൻഷൂറൻസ് വ്യവസ്ഥ പ്രകാരം 72 മണിക്കൂർ അഡ്മിറ്റ് ചെയ്തുള്ള ചികിത്സയ്ക്ക് ആനുകൂല്യം നൽകണം.
എന്നിരിക്കെ ഹെൽത്ത് സെന്ററിനെ ആശുപത്രിയായി അംഗീകരിക്കാനാവില്ലെന്ന ഇൻഷുറൻസ് കമ്പനിയുടെ നിലപാട് സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടാണ് മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ മെമ്പർമാരുമായ കമ്മീഷന്റെ വിധി. ഒരു മാസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം 12 ശതമാനം പലിശയും കമ്പനി നൽകണം.
40 ശതമാനം ഭിന്നശേഷിയുള്ളവർക്കും യാത്ര ഇളവ്; മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു. ഇവര്‍ക്ക് കെഎസ്ആര്‍ടിസി ബസ്സുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്ക് മാത്രമായിരുന്നു യാത്ര ഇളവ് അനുവദിച്ചിരുന്നത്.
ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേത ഉത്തരവ് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.