സവാരിക്കിടെ സൈക്കിള്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് പൊലീസുകാരന്‍ മരിച്ചു
തിരുവനന്തപുരം: സവാരിക്കിടെ സൈക്കിള്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് പൊലീസുകാരന്‍ മരിച്ചു. കല്ലറ മരുതമണ്‍ ഹിരണ്‍ വിലാസത്തില്‍ ഹിരണ്‍രാജ് (47) ആണ് മരിച്ചത്. കേരളത്തിലെ അറിയപ്പെടുന്ന സൈക്കിളിസ്റ്റായിരുന്നു ഹിരണ്‍രാജ്. തിരുവന്തപുരം വികാസ് ഭവനില്‍ റൂറല്‍ എസ് പി ഓഫീസിലെ ഉദ്യോഗസ്ഥനാണ്.
നാലു ദിവസം മുന്‍പ് ബുധനാഴ്ച്ച കോവളം ഭാഗത്ത് സൈക്കിളിങ് പരിശീലനം നടത്തിക്കൊണ്ടിരിക്കെ നിയന്ത്രണം വിട്ട സൈക്കിള്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്‍ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടന്‍ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് വൈകിട്ട് അഞ്ച് മണിയോടെ ഔദ്യോഗിക ബഹുമതികളോടെ കല്ലറയിലെ കുടുംബ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.
Read more: മരത്തില്‍ നിന്ന് വീണ് കെഎസ്ഇബി കരാര്‍ തൊഴിലാളി മരിച്ചു
അതേസമയം, കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഓട്ടോയും ബൈക്കും കൂട്ടിമുട്ടി ആണ് അപകടം ഉണ്ടായത്. ബൈക്കിൽ സഞ്ചരിച്ച ആളുകളാണ് അപകടത്തിൽ മരിച്ചത്. കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യൻ ആണ് മരിച്ചവരിൽ ഒരാൾ. കക്കാടംപൊയിൽ തോട്ടപ്പള്ളി കുന്നത്ത് ജിബിൻ( 22) ആണ് മരിച്ച രണ്ടാമത്തെ ആൾ.
ബൈക്ക് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഇടുക്കി കമ്പിളികണ്ടത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കമ്പളികണ്ടം സ്വദേശിയായ പ്ലസ് ടു വിദ്യാർഥി പടിഞ്ഞാറ്റേൽ വീട്ടിൽ ആദർശ് പി.ബി ആണ് മരിച്ചത്. 17 വയസ്സായിരുന്നു. പാറത്തോട് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയാണ് ആദർശ്. രാവിലെ കമ്പിളികണ്ടത്തു നിന്നും പാറത്തോട്ടിലേക്ക് വരുമ്പോഴാണ് അപകടം. ആദർശ് ഓടിച്ചിരുന്ന പൾസർ ബൈക്ക് നിയന്ത്രണംവിട്ട് ഇടിച്ചുമറിഞ്ഞാണ് അപകടം ഉണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.