ബൈപ്പാസിലെ പയറുംമൂട് ഭാഗത്തെ സർവീസ് റോഡിനു സമീപത്താണ് കഴിഞ്ഞയാഴ്ച രണ്ട് ലോഡോളം കോഴിയിറച്ചി മാലിന്യം ഉൾപ്പെടെ തള്ളിയത്
തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപ്പാസ് സർവീസ് റോഡിൽ മാലിന്യം തള്ളിയ വാഹനം കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മൂടിക്കെട്ടിയ ലോറിയിലാണ് മാലിന്യം എത്തിച്ചതെന്ന് മനസിലായിരുന്നെങ്കിലും നമ്പർ വ്യക്തമല്ലാത്തതിനാൽ അന്വേഷണം വഴിമുട്ടിയിരുന്നു. പ്രദേശത്ത് കോഴിയിറച്ചി മാലിന്യം തള്ളുന്നത് വ്യാപകമായതോടെ വെങ്ങാനൂർ കൗൺസിലറും നാട്ടുകാരും നിരന്തരം പരാതി ഉന്നയിച്ചതോടെയാണ് പൊലീസ് ലോറി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മറ്റിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങളും ശേഖരിച്ചുകൊണ്ടുള്ള അന്വേഷണത്തിൽ മാലിന്യം തള്ളിയത് ആരാണെങ്കിലും കണ്ടെത്തിയിരിക്കുമെന്നാണ് വെങ്ങാനൂർ പൊലീസ് പറയുന്നത്.
വിശദ വിവരങ്ങൾ ഇങ്ങനെ
ബൈപ്പാസിലെ പയറുംമൂട് ഭാഗത്തെ സർവീസ് റോഡിനു സമീപത്താണ് കഴിഞ്ഞയാഴ്ച രണ്ട് ലോഡോളം കോഴിയിറച്ചി മാലിന്യം ഉൾപ്പെടെ തള്ളിയത്. ഏതാനും ദിവസം മുൻപ് വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി- പീചോട്ടുകോണം സർവീസ് റോഡിൽ ഇറച്ചി മാലിന്യം തള്ളിയ സംഭവം ഉണ്ടായിരുന്നു. ഇതിൽ നിന്നും ഊറിവന്ന മലിനജലം റോഡിലേക്ക് ഒഴുകി വാഹന യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കി. പരിസരവാസികളായ നാട്ടുകാർക്ക് അസഹ്യമായ ദുർഗന്ധം മൂലം ആഹാരം പോലും കഴിക്കാനാകാത്ത സ്ഥിതി ഉണ്ടായി. സംഭവത്തെ തുടർന്ന് നഗരസഭ -പൊലീസ് അധികൃത സ്ഥലത്തെത്തി പരിശോധന നടത്തി പ്രദേശത്തെ സി സി ടി വികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയെങ്കിലും തെളിവ് ഒന്നും ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് കോഴിയിറച്ചി മാലിന്യവും പ്രദേശത്ത് നിക്ഷേപിച്ചതായി കണ്ടെത്തിയത്. മാലിന്യം പിന്നീട് നഗരസഭ കൗൺസിലർ സിന്ധു വിജയൻ സ്വന്തം ചെലവിൽ മറവു ചെയ്യുകയായിരുന്നു. പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും സ്ഥലം ഉടമയെ വിവരം അറിയിച്ച് വസ്തുവിലേക്ക് കടക്കാൻ കഴിയാത്ത രീതിയിൽ സംവിധാനം ഏർപ്പെടുത്തിയതായി കൗൺസിലർ സിന്ധു വിജയൻ പറഞ്ഞു. സി സി ടി വി ക്യാമറകൾ ഉൾപ്പെടെ സ്ഥാപിക്കുന്ന കാര്യം നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും നാട്ടുകാർ അറിയിച്ചു. സംസ്ഥാനത്ത് പൊതുനിരത്തിലെ മാലിന്യം തള്ളലിനെതിരെ 'വലിച്ചെറിയൽ വിരുദ്ധ വാരം' ഇന്ന് മുതൽ ആരംഭിച്ചെങ്കിലും ഇരുട്ടിന്‍റെ മറവിൽ തുടർച്ചയായി സർവീസ് റോഡുകൾക്ക് സമീപം മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. കുമാരപുരം- പൂന്തി റോഡിലെ കുഞ്ചുവീട് ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ പുരയിടത്തിൽ റെയിൽവേ മാലിന്യങ്ങൾ തള്ളിയതും വിവാദമായിട്ടുണ്ട്. ഇവിടം സന്ദർശിച്ച മേയർ ആര്യാ രാജേന്ദ്രൻ മാലിന്യത്തിൽ നിന്ന് റെയിൽവേയുടെ പേപ്പറുകളും കണ്ടെടുത്തിരുന്നു. ഇടവഴികളിലെ പാതയോരങ്ങളിലെല്ലാം സി സി ടി വി സ്ഥാപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം