സ്കൂൾ വിട്ട് വന്ന 13 കാരിയോട് ക്രൂരത കാട്ടാൻ ശ്രമിച്ച യുവാവിനെ തുരത്തിയ ഹരിത കർമസേനാംഗങ്ങൾ, ആദരവുമായി പൊലീസ്

By Web Team  |  First Published Nov 30, 2024, 4:16 PM IST

നൂറനാട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളായ മഞ്ജു, ഷാലി എന്നിവരെയാണ് പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ആദരിച്ചത്


ചാരുംമൂട്: സ്കൂൾ വിട്ട് വീട്ടിലേക്ക് വന്ന 13 കാരിയെ ഉപദ്രവിക്കാൻ വന്ന യുവാവിനെ വാഹനത്തിൽ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ച ഹരിത കർമ്മ സേനയിലെ സ്ത്രീകൾക്ക് പൊലീസ് സേനയുടെ ആദരവും അഭിനനന്ദനവും. നൂറനാട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളായ മഞ്ജു, ഷാലി എന്നിവരെയാണ് ഇന്നലെ നൂറനാട് പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. നൂറനാട് എസ് എച്ച് ഒ എസ് ശ്രീകുമാർ ആദരവ് നിർവ്വഹിച്ചു.

ജെസിയുടെയും റീനയുടെയും സത്യസന്ധതയ്ക്ക് 'ഡയമണ്ടി'നേക്കാൾ പത്തരമാറ്റ് തിളക്കം!

Latest Videos

undefined

മൂന്നാഴ്ച മുമ്പ് വൈകുന്നേരം മഴ സമയത്ത് നൂറനാടിന് സമീപമുള്ള റോഡിൽ വച്ചായിരുന്നു ക്രിമിനൽ പശ്ചാത്തലമുള്ള യുവാവ് നഗ്നത പ്രദർശിപ്പിച്ച ശേഷം പെൺകുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കയറ്റി ഉപദ്രവിക്കാൻ ശ്രമിച്ചത്. നൂറനാട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ വാഹനം ഓടിക്കുന്ന മഞ്ജുവും ഷാലിയും ഈ സമയം ഇതുവഴിയെത്തിയതുകൊണ്ട് മാത്രമാണ് പെൺകുട്ടിയെ ഇയാളിൽ നിന്നും രക്ഷിക്കാനായത്. സ്ഥലത്ത് നിന്നും സ്കൂട്ടറിൽ രക്ഷപ്പെട്ട ഇയാളെ മഞ്ജു സ്കൂട്ടറിലും ഷാലി സഞ്ചരിച്ചിരുന്ന ഹരിത കർമ്മസേനയുടെ ഓട്ടോറിക്ഷയിലും പിന്തുടരുകയായിരുന്നു.

പറയംകുളം ജംഗ്ഷനിൽ സ്കൂട്ടർ ഒതുക്കിയ ഇയാളെ മഞ്ജു പിടിച്ചു നിർത്തിയെങ്കിലും മഞ്ജുവിനെ തള്ളിയിട്ട് ഇയാൾ സ്കൂട്ടർ ഓടിച്ചു പോകുകയായിരുന്നു. താഴെ വീണ മഞ്ജുവിന് ചെറിയ പരിക്കുകളും പറ്റി. ഒട്ടും തന്നെ പതറാതെ ഷാലി ഓട്ടോയിൽ ഇയാളെ പിൻതുടർന്നു. പാറജംഗ്ഷൻ പിന്നിട്ട് പടനിലം ജംഗ്ഷനിൽ എത്തിയപ്പോളേക്കും ബാറ്ററി ചാർജ്ജ് തീർന്ന് ഓട്ടോറിക്ഷ നിന്നതോടെ ഷാലി നിരാശയോടെ മടങ്ങേണ്ടി വരികയായിരുന്നു. ഇവർ നൽകിയ സൂചനകളിൽ നിന്നും സി സി ടി വി ക്യാമറ ദൃശ്യങ്ങളിൽ നിന്നുമാണ് മുങ്ങി നടന്ന പ്രതിയെ പിടികൂടാനായത്. വിദ്യാർഥിനിയെ രക്ഷിക്കുകയും പ്രതിയെ പിന്തുടരാനും അസാമാന്യ ധൈര്യം കാട്ടിയ ഇവർക്ക് നാട്ടിൽ അഭിനന്ദനവും ആദരവും ലഭിച്ചു വരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!