ആശുപത്രികൾക്ക് പൊലീസ് നിർദ്ദേശം, മുഖത്ത് പരിക്കേറ്റ് എത്തുന്നവരെ ശ്രദ്ധിക്കണം, കുറുവ സംഘം മോഷ്ടാവിനെ തിരയുന്നു

By Web Team  |  First Published Nov 15, 2024, 10:37 PM IST

മുഖത്ത് പരിക്കേറ്റ് ചികത്സയ്ക്കായി വരുന്നവരുടെ വിവരം കൈമാറാൻ ആശുപത്രികൾക്ക് പോലീസ് നിർദ്ദേശം നൽകി. 


ആലപ്പുഴ : പുന്നപ്ര തൂക്കുകുളത്ത് യുവാവിൻ്റെ ഇടിയേറ്റ് കുറുവ സംഘത്തിലെ മോഷ്ടാവെന്ന് സംശയിക്കുന്ന ആളുടെ മുഖത്തെ എല്ല് പൊട്ടിയതായി സംശയം. പ്രദേശവാസിയുമായി മൽപ്പിടുത്തമുണ്ടാകുകയും ഇയാളുടെ ഇടി മുഖത്തേൽക്കുകയും ചെയ്തിട്ടുണ്ട്. തുന്നിക്കെട്ടൽ വേണ്ട മുറിവുണ്ടെന്നാണ് നിഗമനം. ഈ സാഹചര്യത്തിൽ മുഖത്ത് പരിക്കേറ്റ്  ചികത്സയ്ക്കായി വരുന്നവരുടെ വിവരം കൈമാറാൻ ആശുപത്രികൾക്ക് പോലീസ് നിർദ്ദേശം നൽകി. 

പൊലീസ് നമ്പർ - ആലപ്പുഴ പൊലീസ് മേധാവി 9497996982 , ഡിവൈഎസ്പി 9497990037 , പുന്നപ്ര പൊലീസ്   9497980289 

Latest Videos

കുറുവാ സംഘത്തിന്റെതെന്ന് സംശയിക്കുന്ന പത്തോളം മോഷണങ്ങളാണ് ജില്ലയിൽ അടുത്തിടെ ഉണ്ടായത്. കോമളപുരത്തും മണ്ണഞ്ചേരിയിലും ചേർത്തലയിലും കായംകുളത്തുമാണ് കുറുവാ സംഘത്തിന്റെ സാന്നിധ്യം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. അടുക്കള വാതിൽ പൊളിച്ച് അകത്തു കടക്കൽ, വസ്ത്രധാരണം, സ്ത്രീകളുടെ മാത്രം മാല പൊട്ടിക്കൽ തുടങ്ങിയ മോഷണ രീതികളിൽ നിന്നാണ് കുറുവാ സംഘമെന്ന് പൊലീസ് സംശയിക്കുന്നത്. കുറുവാ സംഘം മോഷണം നടത്താനായി കേരളം തിരഞ്ഞെടുക്കുന്നത് സാമ്പത്തിക വ്യത്യാസമില്ലാതെ സ്ത്രീകൾ സ്വർണാഭരണങ്ങൾ ധരിക്കുന്നതു കൊണ്ടാണെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ ആലപ്പുഴ ഡിവൈഎസ്പി എംആർ മധുബാബുവിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് മോഷ്ടാക്കൾക്കായി അന്വേഷണം നടത്തുന്നത്. 

പറവൂർ തൂക്കുകുളം കിഴക്ക് മനോഹരന്റെ വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മകൾ നീതുവിന്റെ കഴുത്തിൽക്കിടന്ന ഒന്നരപവന്റെ സ്വർണ്ണമാലയും 9 മാസം പ്രായമുള്ള കുഞ്ഞിന്റെ അരപവന്റെ മാലയുമാണ് അപഹരിച്ചത്. അടുക്കളവാതിലിന്റെ കൊളുത്ത് പൊളിച്ചാണ് കള്ളൻ അകത്തുകയറിയത്. പാന്റ് മടക്കിവച്ച് ഷർട്ടിടാതെ മുഖം മറച്ച ഒരാളാണ് മോഷണം നടത്തിയത്.  

ആലപ്പുഴയ്ക്ക് പിന്നാലെ എറണാകുളം വടക്കൻ പറവൂരിലും ഭീതിപരത്തി കവർച്ചാ സംഘം. പറവൂരിലെയും ചേന്ദമംഗലത്തെയും ആറു വീടുകളിലാണ് മോഷ്ടാക്കളെത്തിയത്. പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് രണ്ടംഗ സംഘമെത്തുന്നത്. വീടുകളിലെത്തിയ സംഘത്തിന്റെ വേഷത്തിലും പ്രവർത്തിയിലും കുറുവാ സംഘവുമായി സാമ്യം. കയ്യിൽ കമ്പിപാരയടക്കം ആയുധങ്ങളുണ്ട്. അർധ നഗ്നരായെത്തി വീടുകളിലെത്തി വാതിൽ കുത്തിപൊളിച്ചും ജനൽ തുറന്നുമെല്ലാം കവർച്ചാ ശ്രമം. പ്രദേശത്തെ ക്യാമറകളിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. രാത്രി പട്രോളിങ്ങടക്കം ശക്തമാക്കി കവർച്ച സംഘത്തിനായി വലവിരിച്ചു കഴിഞ്ഞു വടക്കേക്കര പൊലീസ്. എന്നാൽ മോഷണ ശ്രമത്തിന് പിന്നിൽ കുറുവ സംഘമെന്ന നാട്ടുകാരുടെ വാദം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

 

click me!