കോട്ടയത്ത് വ്യാപാരത്തിനെത്തിച്ച അരിചാക്കുകളില്‍ വിഷാംശം കണ്ടെത്തി

By Web Team  |  First Published Nov 7, 2019, 3:55 PM IST

അരിച്ചാക്കുകള്‍ക്കിടയില്‍ വിതറിയ നിലയിലാണ് അലൂമിനിയം ഫോസ്റ്റഫൈറ്റ് കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ വിഭാഗം അരി കസ്റ്റഡിയിലെടുത്തു. 


കോട്ടയം: ഏറ്റുമാനൂരിലെ അരിവ്യാപാര കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന അരിയടങ്ങിയ ചാക്കുകളിൽ കീടനാശിനി കണ്ടെത്തി. അരിച്ചാക്കുകള്‍ക്കിടയില്‍ വിതറിയ നിലയിലാണ് അലൂമിനിയം ഫോസ്റ്റഫൈറ്റ് കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ വിഭാഗം അരി കസ്റ്റഡിയിലെടുത്തു.

ഏറ്റുമാനൂര്‍ ആറാട്ട് കടവ് ജംഗ്ഷനിലുള്ള കൊച്ചു പുരയ്ക്കല്‍ ട്രേഡേഴ്സിലേക്ക് അതിരമ്പുഴയിലെ ഗോഡൗണിൽ നിന്ന്  എത്തിയ അരി ലോറിയില്‍ നിന്നാണ് മാരക വിഷാംശമുള്ള കീടനാശിനി കണ്ടെത്തിയത്. സെല്‍ഫോസിസ് എന്ന പേരിലുളള അലൂമിനിയം ഫോസ്ഫൈറ്റ് അരിചാക്കുകള്‍ക്കിടയില്‍ വ്യാപകമായി വിതറിയ നിലയിലാണ് കണ്ടെത്തിയത്. അരിയിറക്കാനെത്തിയ ചുമട്ട് തൊഴിലാളികള്‍ക്ക് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. 

Latest Videos

നൂറോളം ചാക്ക് അരി വാഹനത്തിലുണ്ടായിരുന്നു. ഭക്ഷ്യ വസ്തുക്കളുമായി കൂടിക്കലരുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന കീടനാശിനിയാണ് കണ്ടെത്തിയതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. അരിയുടെ സാമ്പിളുകളും ശേഖരിച്ചു. 

അരി സുക്ഷിക്കുന്ന ഗോഡൗണുകളില്‍ ഇത്തരം കീടനാശിനികള്‍ ഉപയോഗിക്കാറുണ്ട്. അരിയിൽ കീടങ്ങളുടെ ശല്യം ഏൽക്കാതിരിക്കാൻ കവറിൽ പൊതിഞ്ഞ് ഗോഡൗണുകളിൽ അനുമതിയോടെ മാത്രം ഉപയോഗിക്കേണ്ട കീടനാശിനിയാണ് അലക്ഷ്യമായി ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. പ്രദേശത്തെ ഗോഡൗണുകളെല്ലാം പരിശോധിക്കുമെന്നും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

click me!