ശനിയാഴ്ച രാവിലെ സ്കൂൾ മുറ്റം നിറയെ കവുങ്ങിൻ തൈകളും വാഴകളും നട്ട് അധ്യാപകർക്കും വിദ്യാർഥികൾക്കും സ്കൂളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതെന്നാണ് പരാതി.
കോഴിക്കോട്: സ്കൂളിലേക്കുള്ള വഴിയിലും മുറ്റത്തും വാഴയും മറ്റും നട്ട് പ്രവർത്തനം തടസപ്പെടുത്തിയതായി പരാതി. കോഴിക്കോട് ജില്ലയിലെ വേളം പഞ്ചായത്തിലെ ചേരാപുരം ഈസ്റ്റ് എം എൽ പി സ്കൂളിന്റെ വഴിയും മറ്റുമാണ് സമീപവാസി തടഞ്ഞതെന്ന് പരാതിയിൽ പറയുന്നത്. സ്കൂളിന് സമീപം താമസിക്കുന്ന പുത്തലത്ത് മറിയം, മകൻ സിറാജ് എന്നിവര്‍ ഗ്രൗണ്ടില്‍ അടക്കം വാഴകളും കവുങ്ങിൻ തൈകളും നട്ട് തടസപ്പെടുത്തിയതായി കാണിച്ച് സ്കൂൾ മാനേജർ സുരേഷ് ബാബു ബാലാവകാശ കമ്മീഷനിലും പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ 11ന് തിങ്കളാഴ്ച സ്കൂളിന്റെ പ്രവേശനകവാടം താക്കോലിട്ട് പൂട്ടിയിരുന്നു. അതിന് ശേഷമാണ് ശനിയാഴ്ച രാവിലെ സ്കൂൾ മുറ്റം നിറയെ കവുങ്ങിൻ തൈകളും വാഴകളും നട്ട് അധ്യാപകർക്കും വിദ്യാർഥികൾക്കും സ്കൂളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതെന്നാണ് പരാതി. മധ്യവേനലവധിക്കുശേഷം സ്കൂൾ തുറക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് സ്കൂൾ മുറ്റം നിറയെ കരിങ്കല്ലും മണ്ണും ഇറക്കി വഴി തടസപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.
അന്ന് വേളം പഞ്ചായത്ത് അധികൃതര്‍ ഉൾപ്പെടെയെത്തി സംസാരിച്ചതിനെ തുടർന്നാണ് അവർ കരിങ്കല്ല് ഉൾപ്പെടെ മാറ്റിയത്. 90 വർഷത്തോളം പഴക്കമുള്ള സ്കൂളിന്‍റെ തുടക്കകാലം മുതൽ കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന സ്ഥലത്താണ് വാഴയും മറ്റും നട്ടിരിക്കുന്നതെന്ന് സ്കൂൾ ഹെഡ്‌മാസ്റ്റർ റിയാസ് പറഞ്ഞു. 102 വിദ്യാർത്ഥികളും ആറ് അധ്യാപകരുമാണ് സ്കൂളിലുള്ളത്. കുന്നുമ്മൽ ഉപ ജില്ലയിൽ പാഠ്യ - പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളിനെ തകർക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നതായി കാണിച്ച് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സ്കൂൾ മുറ്റത്ത് വാഴ നട്ട നടപടിക്കെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സ്കൂൾ പിടിഎ കമ്മിറ്റി വ്യക്തമാക്കി. എന്നാൽ സ്കൂൾ സ്ഥിതി ചെയ്യുന്നത് തങ്ങൾക്ക് അവകാശമുള്ള ഭൂമിയിലാണെന്നാണ് പുത്തലത്ത് മറിയം പറയുന്നത്. സ്കൂളിന്റെ ആനുകൂല്യങ്ങൾ മുഴുവൻ അനുഭവിക്കുന്നത് സ്കൂൾ മാനേജരും കുടുംബവുമാണെന്നും ഇവർ ആരോപിക്കുന്നു.
പ്രശ്ന പരിഹാരത്തിനായി ഒട്ടേറെത്തവണ ശ്രമിച്ചെങ്കിലും മാനേജർ സഹകരിക്കാത്തതിലുള്ള പ്രതിഷേധത്തിലാണ് വാഴ നട്ടതെന്നും അവർ കൂട്ടിച്ചേര്‍ത്തു. സ്കൂളിന് മുമ്പിലെ സ്ഥലം ഏറ്റെടുക്കാൻ തങ്ങൾ തയാറാണെങ്കിലും വിട്ടുനൽകാൻ സ്ഥലമുടമ മറിയം തയാറാകുന്നില്ലെന്നാണ് സ്കൂൾ മാനേജ്മെന്‍റുമായി ബന്ധപ്പെട്ടവർ പറയുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്ന വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തിങ്കളാഴ്ച രാവിലെ 11ന് കുറ്റ്യാടി സി ഐ ഇരുവിഭാഗത്തെയും ചർച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്.