12 വർഷത്തിന് ശേഷം കാർട്ടൂൺ വരച്ച് സുകുമാർ . ചീഫ് സെക്രട്ടറി വി പി ജോയിയുടെ ചിത്രമാണ് തൊണൂറ്റി ഒന്നാം വയസിൽ സുകുമാർ വരച്ചത്.
തിരുവനന്തപുരം: മുഖ്യമന്ത്രി ഒന്ന് പൊട്ടിച്ചിരിച്ചാൽ ഇവിടുത്തെ പ്രശ്നങ്ങൾ തീരും. പിണറായി വിജയൻ ആറ് വർഷം മുൻപ് അധികാരമേറ്റശേഷം തലസ്ഥാനത്ത വിളിച്ച സാംസ്ക്കാരിക നായകരുടെ യോഗത്തിൽ കാർട്ടൂണിസ്റ്റ് സുകുമാർ മുഖ്യമന്ത്രിക്ക് മുന്നിൽ വച്ച നിർദ്ദേശമാണിത്. . താങ്കൾ വളരെ ഗൗരവക്കാരനാണെന്നാണ് പൊതുസമൂഹത്തിന്‍റെ ധാരണ. അതിനാൽ താങ്കൾ ചിരിക്കണം. തമാശ പറയാൻ കഴിഞ്ഞില്ലെങ്കിൽ അത് ആസ്വദിക്കുകയെങ്കിലും വേണം.
നിങ്ങളെക്കാൾ നന്നായി ചിരിക്കാൻ കഴിയുന്ന ആളാണ് എന്നാൽ കേരളത്തിൽ ചിരിക്കാൻ കിട്ടുന്ന സാഹചര്യം അധികമില്ലെന്ന് മറുപടി. എന്നിട്ട് ഒരനുഭവം പറഞ്ഞു. പാലക്കാട് ഒരു യോഗത്തിന് പോയി. രണ്ട് മണിക്കുറിനകം തലസ്ഥാനത്ത് തിരിച്ചെത്തണം ഒരു യോഗമുണ്ട്. ഹെലികോപ്റ്റർ റെഡിയായി. ടേക്ക് ഓഫിന് തൊട്ട് മുൻപ് കനത്ത മഴ. 15 മിനിട്ട് കാത്ത് നിന്നിട്ടും മഴ കൂടുന്നു. ഒടുവിൽ യാത്ര റദ്ദായി. അങ്ങനെ കാൽ മണിക്കൂർ കൊണ്ട് ഞാൻ തിരുവനന്തപുരത്തെത്തിയെന്ന് പിണറായി ചിരിച്ച് കൊണ്ട് പറഞ്ഞു.
undefined
തൊണൂറ്റിയൊന്നാം വയസിലെത്തിയ കാർട്ടൂണിസ്റ്റ് സുകുമാർ മൂന്നരവർഷത്തിന് ശേഷമാണ് തലസ്ഥാനത്ത് എത്തുന്നത്. കാർട്ടൂണിസ്റ്റ് ശങ്കറിന്‍റെ ജന്മദിനാഘോഷമായിരുന്നു വേദി. . ചിരിവേദികൾ ഒരുപാട് സംഘടിപ്പിച്ച അയ്യൻങ്കാളി ഹാളിൽ വീണ്ടും സുകുമാർ എത്തി. നല്ല നടപ്പ് നല്ല സ്നേഹം നല്ല വാക്ക് തൊണ്ണൂറ്റിയൊന്നാം വയസിലെയും ചുറുചുറുക്കിന്റെ രഹസ്യം പറഞ്ഞ് സുകുമാർ.
12 വർഷത്തിന് ശേഷം സുകുമാർ വീണ്ടും പെൻസിൽ എടുത്തു. സുഹൃത്തുക്കളുടേയും ശിക്ഷ്യരുടേയും നിർബന്ധത്തിന് വഴങ്ങി ചീഫ് സെക്രട്ടറി വി പി ജോയിയുടെ ചിത്രം കാൻവസിൽ വരച്ചു. ചീഫ് സെക്രട്ടറി നിശ്ചലനായി നിന്നു. ചെറിയ വരകളിലൂടെ കണ്ണും മൂക്കും മുടിയും തെളിഞ്ഞു. മോഡലായി വി പി ജോയി നിന്നു.
നിമിഷങ്ങൾ കഴിഞ്ഞപ്പോൾ കാൻവസിൽ സംസ്ഥാനചീഫ്സെക്രട്ടറി. ചിത്രം സുകുമാർ വി പി ജോയിക്ക് സമ്മാനിച്ചു. ജീവിതത്തിലെ അതുല്യഭാഗ്യമെന്ന് വി പി ജോയിയുടെ മറുപടി. കാക്കനാട് മകൾ സുമംഗലക്കൊപ്പം താമസിക്കുന്ന സുകുമാർപ്രായാധിക്യത്തെ തുടർന്ന് നർമ്മകൈരളി ഉൾപ്പടെയുള്ള പരിപാടികളിൽ സജീവമല്ല.
എങ്കിലും ഓൺലൈനിൽ ചിരി വേദികളിൽ പങ്കെടുക്കുന്നുണ്ട്. പെറ്റമ്മയും പോറ്റമ്മയുമായ തലസ്ഥാനത്ത് വീണ്ടുമെത്തിയതിന്റെ ആവേശത്തിൽ മടങ്ങുന്നുവെന്ന് പറഞ്ഞ് സുകുമാർ അയ്യൻകാളി ഹാളിൽ നിന്നിറങ്ങി.
'പടച്ചോനേ ഇങ്ങള് കാത്തോളീ'; വ്യത്യസ്തവും വേറിട്ടതുമായ പോസ്റ്ററുകൾ ശ്രദ്ധനേടുന്നു