കല്യാണം കഴിഞ്ഞ് 3 ദിവസം, നവവധുവിന്‍റെ 52 പവൻ കൈക്കലാക്കി പണയം വെച്ചു, 13.5 ലക്ഷവുമായി മുങ്ങി; യുവാവ് പിടിയിൽ

By Web Team  |  First Published Oct 26, 2024, 4:22 PM IST

കൂടാതെ വധുവിന്റെ കുടുംബ വീടും വസ്തുവും തന്റെ പേരിൽ പ്രമാണം ചെയ്തു കിട്ടണമെന്നും പുതിയ കാർ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് അനന്തു നിരന്തരമായി കലഹമുണ്ടാക്കിയിരുന്നതായും കൊല്ലുമെന്ന് ഭീഷണി പ്പെടുത്തിയതായും വധു പൊലീസിന് മൊഴി നൽകി. 


തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നാം നാൾ നവ വധുവിന്‍റെ സ്വർണ്ണം പണയം വച്ച് പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു (34) വാണ് അറസ്റ്റിലായത്. 2021 ആഗസ്റ്റിലായിരുന്നു വർക്കല പനയറ സ്വദേശിനിയായ യുവതിയും ഫിസിയോതെറാപിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം. വിവാഹശേഷം മൂന്നാംനാൾ തന്‍റെ കൈവശമുണ്ടായിരുന്ന 52 പവന്റെ സ്വർണാഭരണങ്ങൾ നിർബന്ധിപ്പിച്ച് പണയം വെച്ച് 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കി മുങ്ങിയെന്നാണ് ഭാര്യയുടെ പരാതി .

യുവതിയുടെ ജാതകദോഷം മാറാൻ പൂജ നടത്തണമെന്നും ഇതിനായി ഒരു ലക്ഷം രൂപ യുവതി നൽകണമെന്ന് അനന്തുവിനെ അച്ഛനും അമ്മയും സഹോദരനും ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. കൂടാതെ വധുവിന്റെ കുടുംബ വീടും വസ്തുവും തന്റെ പേരിൽ പ്രമാണം ചെയ്തു കിട്ടണമെന്നും പുതിയ കാർ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് അനന്തു നിരന്തരമായി കലഹമുണ്ടാക്കിയിരുന്നതായും കൊല്ലുമെന്ന് ഭീഷണി പ്പെടുത്തിയതായും വധു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 

Latest Videos

പരാതിയുടെ അടിസ്ഥാനത്തിൽ അനന്തുവിന്റെ പിതാവ് ശശി, മാതാവ് സുരേഷ്‌കുമാരി, സഹോദരൻ അമൽ എന്നിവർക്കെതിരെ ഇക്കഴിഞ്ഞ മാർച്ചിൽ പൊലീസ് കേസെടുത്തു. ഭാര്യ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അനന്തു കിട്ടിയ പണവുമായി മുങ്ങിയത്. കേരളത്തിൽ പലയിടങ്ങളിലായും ബെംഗളൂരുവിലും മാറിമാറി ഒളിവിൽ താമസിച്ചു വരികയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂരിൽ നിന്നാണ് ഇയാളെ വർക്കല പൊലീസ് പിടികൂടിയത്. പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി.

Read More : ജോലിയ്ക്ക് പുറത്തിറക്കിയപ്പോൾ കണ്ണുവെട്ടിച്ചു കടന്നു; പീരുമേട് സബ് ജയിലിൽ നിന്നും പ്രതി രക്ഷപ്പെട്ടു

click me!