പരിശീലനത്തിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: ആലപ്പുഴയിൽ കായിക അധ്യാപകൻ അറസ്റ്റിൽ

By Web Team  |  First Published Nov 17, 2024, 7:31 PM IST

 സ്കൂളിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നതിനിടെയാണ് അധ്യാപകൻ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത്.


മാന്നാർ: ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായിക അധ്യാപകൻ അറസ്റ്റിൽ. മാന്നാർ കുട്ടംപേരൂർ എസ് എൻ സദനം വീട്ടിൽ എസ് സുരേഷ് കുമാറിനെ (കുമാർ 43) യാണ് പോക്സോ വകുപ്പ് പ്രകാരം മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. മാന്നാറിന്റെ സമീപ പ്രദേശങ്ങളിലുള്ള ചില സ്കൂളുകളിൽ താൽക്കാലിക കായിക അധ്യാപകനായി ജോലിചെയ്ത് വരികയായിരുന്നുസുരേഷ് കുമാർ.

 സ്കൂളിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നതിനിടെയാണ് അധ്യാപകൻ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത്. വിദ്യാർത്ഥിനി സംഭവം വീട്ടിലറിയിച്ചതിനെ തുടർന്ന് രക്ഷകർത്താക്കൾ മാന്നാർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തതോടെ സുരേഷ് കുമാർ ഒളിവിൽ പോയി.  ഒരാഴ്ചയായി പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ മാന്നാർ പൊലീസ് ഇൻസ്പെക്ടർ എ അനീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.

Latest Videos

മാന്നാർ എസ് ഐ അഭിരാം സി എസ്, വനിത എ എസ് ഐ സ്വർണ്ണ രേഖ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത്ത് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഹരിപ്രസാദ്, വിഷ്ണു എന്നിവർ ചേർന്നാണ് സുരേഷിനെ പിടികൂടിയത്. പ്രതി ഇത്തരത്തിൽ പല വിദ്യാർത്ഥിനികൾക്ക് നേരെയും പീഡന ശ്രമം നടത്തിയിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.

Read More :  നീല സ്കൂട്ടറിൽ രാത്രി എടപ്പാളിലെത്തും, കുളിമുറിയിൽ ഒളിഞ്ഞുനോട്ടം, ഞെട്ടിക്കുന്ന മോഷണ ലിസ്റ്റ്; പ്രതി പിടിയിൽ

click me!