1947 ജൂലൈ 13 ന് തിരുവനന്തപുരത്ത് പേട്ട രാജേന്ദ്ര മൈതാനത്ത് സ്റ്റേറ്റ് കോൺഗ്രസിന്റെ യോഗം നടക്കുന്നു. തിരുവാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കണമെന്നാവശ്യപ്പെട്ടായിരുന്നു യോഗം
ഇന്ത്യൻ യൂണിയനിൽ തിരുവിതാംകൂറില്ലെന്ന് പ്രഖ്യാപിച്ച ദിവാൻ സർ സി പിയുടെ നിലപാടിനെതിരെ പ്രതിഷേധം നടക്കുന്ന സമയം. പാകിസ്ഥാനില്ലാത്ത ഇന്ത്യയിൽ തിരുവിതാംകൂറുമില്ലെന്നായിരുന്നു സി പി യുടെ നിലപാട്. സ്വതന്ത്ര തിരുവിതാംകൂർ എന്ന വാദത്തെ എതിർത്ത് വി കെ കൃഷ്ണമേനോൻ ഉൾപ്പടെയുള്ളവർ രംഗത്ത് വന്നിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും യോഗങ്ങൾ നടക്കുന്ന കാലം. 1947 ജൂലൈ 13 ന് തിരുവനന്തപുരത്ത് പേട്ട രാജേന്ദ്ര മൈതാനത്ത് സ്റ്റേറ്റ് കോൺഗ്രസിന്റെ യോഗം നടക്കുന്നു. തിരുവാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കണമെന്നാവശ്യപ്പെട്ടായിരുന്നു യോഗം.
സ്വതന്ത്ര തിരുവിതാംകൂറിന് അനുകൂലമായി വി ജെ ടി ഹാളിൽ ( അയ്യൻകാളി ഹാൾ ) സി പി പക്ഷം യോഗം വിളിച്ചിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു പേട്ടയിലെ പൊതുസമ്മേളനം. കളത്തിൽ വേലായുധൻ നായരുടെ അധ്യക്ഷതയിലായിരുന്നു യോഗം. സി നാരായണപിള്ള പ്രസംഗിക്കുമ്പോൾ ചിലർ ചോദ്യങ്ങളുമായെത്തി. തുടർന്ന് ബഹളമായി. ഈ സമയത്ത് യോഗം പിരിച്ച് വിടാൻ പൊലീസ് ശ്രമിച്ചു. ഇത് വെടിവെയ്പിൽ കലാശിച്ചു. പതിനാല് കാരനായ രാജേന്ദ്രൻ എന്ന വിദ്യാർത്ഥിക്ക് തലക്ക് വെടിയേറ്റു. ആശുപത്രിയിൽ എത്തിച്ച രാജേന്ദ്രൻ ഒരു മാസത്തെ ചികിത്സക്ക് ശേഷം മരിച്ചു.
undefined
അതായത് സ്വാതന്ത്ര്യത്തിന് ശേഷം രാജേന്ദ്രൻ വിടവാങ്ങി. രാജേന്ദ്രനെ കൂടാതെ രണ്ട് പേർക്ക് കൂടി വെടിയേറ്റുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അവരുടെ മൃതദേഹം പൊലും ബന്ധുക്കൾക്ക് വിട്ടുകൊടുത്തില്ല. സി പിയുടെ കാലത്തെ അവസാന വെടിവയ്പ്പായിരുന്നു അത്. സ്വാതന്ത്ര്യ പോരാട്ട സമര ചരിത്രത്തിലെ പ്രധാന എടുകളിലൊന്നായ പേട്ട വെടിവയ്പ് സംഭവത്തിൽ കൃത്യമായ സ്മാരകം പോലും ഇല്ലെന്നതാണ് യാഥാർത്ഥ്യം. രാജേന്ദ്രൻ വെടിയേറ്റ് മരിച്ച സ്ഥലത്തിന് രാജേന്ദ്ര മൈതാനമെന്ന് പേരിട്ടിരുന്നു. പല പൊതുയോഗങ്ങൾക്കും പിന്നീട് വേദിയായ രാജേന്ദ്ര മൈതാനം റോഡ് വീതി കൂട്ടിയപ്പോൾ ഇല്ലാതായി. വെടിവെയ്പിന്റെ സ്മാരകമായി ഇന്ന് അവശേഷിക്കുന്നത് രാജേന്ദ്രൻ സ്മാരകം എന്ന പേരിൽ ആർ എസ് പിയുടെ ലോക്കൽ കമ്മിറ്റി ഓഫീസാണ്. ഇവിടെയാണെങ്കിൽ പതിനാലാം വയസിൽ വെടിയേറ്റ് മരിച്ച രാജേന്ദ്രനെക്കുറിച്ച് വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒന്നുമില്ല.