
ഇടുക്കി: ചരിത്ര പ്രസിദ്ധമായ മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാ പൗർണമി ഉത്സവം മെയ് 12 ന് നടക്കും. കേരളവും തമിഴ്നാടും തമ്മിൽ ഉടമസ്ഥാവകാശത്തർക്കം നിലനിൽക്കുന്നതിനാൽ ചിത്രാപൗർണമി ദിവസം മാത്രമാണ് വനത്തിനുള്ളിലെ ഈ ക്ഷേത്രത്തിലേക്ക് ഭക്തരെ കടത്തി വിടുക. കുമളിയിൽ നിന്നും 16 കിലോമീറ്റർ അകലെ കേരള തമിഴ്നാട് അതിർത്തിയിൽ പെരിയാർ കടുവ സങ്കേതത്തിനുള്ളിലാണ് മംഗളദേവി ക്ഷേത്രം.
ഉടമസ്ഥാവകാശ തർക്കത്തെ തുടർന്ന് ഇരു സംസ്ഥാനങ്ങളിലെയും റവന്യൂ - വനം- പൊലീസ് വകുപ്പുകളുടെ മേൽനോട്ടത്തിൽ കർശന സുരക്ഷയിലാണ് ഉത്സവം നടത്തുന്നത്. ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കാൻ ഇടുക്കി, തേനി കളക്ടർമാരുടെയും ജില്ല പൊലീസ് മേധാവിമാരുടെയും നേതൃത്വത്തിൽ രണ്ടു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. പരിസ്ഥിതി സൗഹൃദമായി ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്‍റെ ക്ഷേത്രത്തിന്‍റെയും സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കി ക്ഷേത്രദര്‍ശനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കാൻ തീരുമാനമായി.
രാവിലെ ആറു മണി മുതൽ ഭക്തർക്കായി കുമളിയിൽ നിന്നും ജീപ്പുകൾ സർവീസ് നടത്തും. ആര്‍ ടി ഒ നിഷ്‌കര്‍ഷിക്കുന്ന തുക മാത്രമേ നിന്നും ഈടാക്കാവുവെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരു ചക്ര വാഹനങ്ങൾ അനുവദിക്കില്ല. കേരളത്തിനും തമിഴ്‌നാടിനും മൂന്ന് വീതം പൊങ്കാലകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവര്‍ത്തിക്കും.
മലമുകളിൽ മെഡിക്കല്‍ സംഘത്തിന്‍റെ സേവനവും 10 ആംബുലന്‍സുകളും ക്രമീകരിക്കും. വഴിയിൽ 13 പോയിന്‍റുകളിൽ കുടിവെള്ളം ഒരുക്കും. 18000 മുതല്‍ 20,000 വരെ ഭക്തരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ പൊങ്കാല അനുവദിക്കണമെന്നും ദര്‍ശന സമയം വര്‍ധിപ്പിക്കണമെന്നും ഭക്തരുടെ ആവശ്യം സംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam