കോവിഡിന് ഗ്ലൂക്കോസ് ചികിത്സ ഫലപ്രദമെന്ന വ്യാജ പ്രചരണത്തെ തുടർന്നാണ് പ്രദേശത്ത് ഗ്ലൂക്കോസ് വിൽപന വ്യാപകമായത്.
കോഴിക്കോട്: കൊയിലാണ്ടി താലൂക്കിൽ ഗ്ലൂക്കോസ് ലായനിയുടെ വിൽപ്പനയ്ക്ക് നിയന്ത്രണം.ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ ചെറിയ കുപ്പികളിലാക്കിയുള്ള ഗ്ലൂക്കോസ് വിൽപന കണ്ടത്തിയതിനെ തുടർന്നാണ് നടപടി.
കോവിഡിന് ഗ്ലൂക്കോസ് ചികിത്സ ഫലപ്രദമെന്ന വ്യാജ പ്രചരണത്തെ തുടർന്നാണ് പ്രദേശത്ത് ഗ്ലൂക്കോസ് വിൽപന വ്യാപകമായത്. 25 ശതമാനം ഗ്ലൂക്കോസ് അടങ്ങിയ ഡെക്സ്ട്രോസ് 25 എന്ന മരുന്നിന്‍റെ ബോട്ടിലുകൾ പൊട്ടിച്ച് ചെറിയ കുപ്പികളിലാക്കി വിൽപ്പന നടത്തിയതായാണ് ജില്ല ഡ്രഗ് കണ്‍ട്രോൾ വിഭാഗം അധികൃതർ കണ്ടെത്തിയത്. മരുന്നുകളുടെ കൂട്ട് ഉണ്ടാക്കാനുള്ള ലൈസൻസിന്റെ മറവിലായിരുന്നു
ഇതെന്ന് കണ്‍ട്രോൾ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.
undefined
ഇതേ തുടർന്നാണ് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ഗ്ളൂകോസ് ലായനിയുടെ വിൽപ്പന നിരോധിച്ചത്. ആരോഗ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറായ കൊയിലാണ്ടിയിലെ ഇ എൻ ടി ഡോക്ടർ ഇ സുകുമാരനാണ് 25 ശതമാനം ഗ്ലൂക്കോസ് അടങ്ങിയ ലായനി രണ്ട് നേരം മൂക്കിൽ ഒഴിച്ചാൽ കോവിഡിനെ പ്രതിരോധിക്കാനാകുമെന്ന അവകാശ വാദവുമായി രംഗത്തെത്തിയത്.
ഇതേ തുടർന്ന് ജില്ലയിൽ ഗ്ലൂക്കോസ് ലായനി വിൽപ്പന വ്യാപകമായെന്ന് കാണിച്ച് ആരോഗ്യ പ്രവർത്തകർ സംസ്ഥാന ഡ്രഗ് കണ്‍ട്രോൾ വിഭാഗത്തിന് പരാതി നൽകിയിരുന്നു. പരിശോധനയിൽ കൊയിലാണ്ടിയിൽ വ്യാപകമായി ഗ്ലൂക്കോസ് ലായനി ചെറിയ കുപ്പികളിലാക്കി വിൽക്കുന്നത് വ്യക്തമായി. ജില്ലയിൽ വരും ദിവസങ്ങളിലും പരിശോധന തുടരും.