വീട്ടുജോലിക്കെത്തിയ യുവതിയെ പാസ്റ്റർ പീഡിപ്പിച്ചു, കൊന്നു കളയുമെന്ന് ഭീഷണിയും; കോടതി ഇടപെട്ടതോടെ അറസ്റ്റ്

By Web Team  |  First Published Feb 29, 2024, 12:01 AM IST

യുവതി വിശദമായ  മൊഴി നൽകിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ ആദ്യം പൊലീസ് തയാറായില്ല. ഇതോടെ പരാതിക്കാരിയായ യുവതി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. 


ആലപ്പുഴ: മാവേലിക്കരയില്‍ വീട്ടു ജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റില്‍.  മറ്റം  ഐ. പി.സി സഭയുടെ പാസ്റ്റർ പുനലൂർ സ്വദേശി സജി എബ്രഹാമിനെയാണ് മാവേലിക്കര പൊലീസ് പിടികൂടിയത്. ഡിസംബർ  14 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മാവേലിക്കര മറ്റത്തെ ഐ. പി.സി സഭയുടെ ചർച്ചിന് സമീപത്തെ വീട്ടിൽ വീട്ടുജോലിക്കെത്തിയതായിരുന്നു  യുവതി.  ഇവിടെ വെച്ചാണ് സജി എബ്രഹാം യുവതിയെ പീഡനത്തിന് ഇരയാക്കിയത്. 

പീഡനത്തിന് ശേഷം വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് പാസ്റ്റർ യുവതിയെ ഭീഷണിപ്പെടുത്തി. എന്നാൽ  യുവതി  ഇക്കാര്യം ഭർത്താവിനോട് പറയുകയും തുടർന്ന് മാവേലിക്കര പൊലീസിനെ സമീപിക്കുകയുമായിരുന്നു. യുവതി വിശദമായ  മൊഴി നൽകിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ ആദ്യം പൊലീസ് തയാറായില്ല. ഇതോടെ പരാതിക്കാരിയായ യുവതി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. 

Latest Videos

എന്നിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കേസിൽ  രണ്ടാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി പെലീസിനോട് നിർദേശിച്ചു. ഇതോടെയാണ്  മാവേലിക്കര പൊലീസ് സജി എബ്രഹാമിനെ പിടികൂടിയത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. പീഡനത്തിനിരയായ സ്ത്രീ നേരിട്ട് പരാതിപ്പെട്ടിട്ടും പൊലീസ് പ്രതിയെ പിടികൂടുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ലെന്നും കേസ് ഒതുക്കാനാണ് ശ്രമിച്ചതെന്നും യുവതിയുടെ ഭർത്താവ് ആരോപിച്ചു.

Read More : മലപ്പുറത്ത് നവജാത ശിശുവിനെ മാതാവ് കൊന്ന് കുഴിച്ചുമൂടി; 29 കാരി ജുമൈലത്ത് അറസ്റ്റിൽ, അന്വേഷണം
 

click me!