നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ലോകം എന്ന ടാഗ് ലൈനുമായി എത്തിയാണ് ജനങ്ങളെ വിശ്വാസത്തിലെടുത്തത്.
പാലക്കാട്: ആഴ്ച നറുക്കെടുപ്പിന്റെ പേരിൽ പണം തട്ടിയെന്ന് പരാതി. കൈരളി ഹോം അപ്ലയൻസ് സ്കീം എന്ന പേരിൽ നറുക്കെടുപ്പിലൂടെ സമ്മാനം നൽകുമെന്ന് ധരിപ്പിച്ച് മാസം തോറും പണം പിരിച്ചെടുത്ത് ഉടമകൾ മുങ്ങിയെന്നാണ് പരാതി.
നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ലോകം- ഈ ടാഗ് ലൈനുമായി എത്തിയാണ് പാലക്കാട്ടെ ജനങ്ങളെ വിശ്വാസത്തിലെടുത്തത്. 30 ആഴ്ചയുടെ പദ്ധതി, ഓരോ ആഴ്ചയും നൽകേണ്ടത് 200 രൂപ. എല്ലാ ആഴ്ചയും നറുക്കെടുപ്പ്. സ്കൂട്ടി, സ്വർണ മോതിരം, മൊബൈൽ ഫോൺ, മിക്സി, ഗ്രൈൻഡർ, സൈക്കിൾ- എല്ലാമുണ്ട് സമ്മാനപ്പട്ടികയിൽ. 30 ആഴ്ച മുഴുവൻ തുകയും അടച്ചവ൪ക്കായി ബമ്പ൪ നറുക്കെടുപ്പ് വേറെയും. എന്നിട്ടും നറുക്ക് വീണില്ലെങ്കിൽ കടയിൽ പോയി നേരിട്ട് സാധനങ്ങൾ വാങ്ങാം. മോഹന വാഗ്ദാനങ്ങളിൽ വീണതിലേറെയും പാലക്കാട്ടെ കച്ചവടക്കാരും ജീവനക്കാരും. ആഴ്ച തോറും കടകളിലെത്തി പണം പിരിച്ചു. പാസ് ബുക്കിൽ രേഖപ്പെടുത്തി. നറുക്കെടുക്കുന്ന വീഡിയോ ഉൾപ്പെടെ വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടു.
മലപ്പുറം പെരിന്തൽമണ്ണ കുറുവമ്പലം സ്വദേശി മുബഷീറിന്റെയും പാലക്കാട് സ്വദേശികളായ മറ്റു രണ്ടു പേരുടെയും നേതൃത്വത്തിൽ ഏപ്രിലിലാണ് കൈരളി ഹോം അപ്ലയൻസ് സ്കീം ആരംഭിച്ചത്. പണമടച്ച ആ൪ക്കും ഒരിക്കൽ പോലും നറുക്ക് വീണില്ലെന്ന് പണമടച്ചവർ പറയുന്നു. ഇതിനിടയ്ക്ക് എപ്പഴോ നടത്തിപ്പുകാർ സ്ഥാപനം പൂട്ടി സ്ഥലം വിട്ടു. 30 ആം ആഴ്ച വരെ പണമടച്ചവർ ബമ്പ൪ നറുക്കെടുപ്പ് എന്നാണെന്ന് അന്വേഷിച്ച് ഫോണിൽ വിളിച്ചപ്പോഴാണ് തട്ടിപ്പു മനസിലായതെന്ന് പറഞ്ഞു.
തട്ടിപ്പിനിരയായവരുടെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകി. 40 ലധികം പേ൪ ചേ൪ന്നാണ് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ടൌൺ സൌത്ത് പൊലീസ് അറിയിച്ചു.
കുറഞ്ഞ ചെലവിൽ ടൂർ പാക്കേജുകൾ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; 17 സ്ത്രീകൾ ഉൾപ്പെടെ 32 പേർ അറസ്റ്റിൽ