രാത്രി ഡ്യൂട്ടി അവസാനിക്കുന്നതിന് മുന്‍പ് വാര്‍ഡിലെ രോഗികള്‍ക്ക് മരുന്ന് നല്‍കാനെത്തിയതായിരുന്നു നേഖ. ന്യൂറോ ശസ്ത്രക്രിയ കഴിഞ്ഞ ഇടുക്കി സ്വദേശിയായ 66 കാരനാണ് നഴ്സിന്‍റെ കൈ പിടിച്ചൊടിച്ചത്
കോട്ടയം: രോഗിയുടെ ആക്രമണത്തില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലിലാണ് സംസ്ഥാനമുള്ളത്. അതേസമയം ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് മരുന്ന് നല്‍കാനെത്തിയപ്പോള്‍ രോഗിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് കൈ ഒടിഞ്ഞതിന്‍റെ ആഘാതത്തിലാണ് പൂഞ്ഞാര്‍ കുന്നോന്നി സ്വദേശിയായ നഴ്സ്. കോട്ടയം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സായ നേഖാ അരുണിനെ രോഗി ആക്രമിക്കുന്നത് ചൊവ്വാഴ്ച പുലര്‍ച്ചെയാണ്. രാത്രി ഡ്യൂട്ടി അവസാനിക്കുന്നതിന് മുന്‍പ് വാര്‍ഡിലെ രോഗികള്‍ക്ക് മരുന്ന് നല്‍കാനെത്തിയതായിരുന്നു നേഖ.
മരുന്ന് നല്‍കുന്നതിനിടെ ഇടുക്കി ഉപ്പുതറ സ്വദേശിയായ അറുപത്തിയാറുകാരനാണ് നേഖയെ ആക്രമിച്ചത്. മരുന്നുമായെത്തിയ നേഖയുടെ കൈവശമുണ്ടായിരുന്ന മരുന്ന് ട്രേ തട്ടിത്തെറിപ്പിച്ച രോഗി നേഖയുടെ വലതുകൈ ഇടത്തേക്ക് തിരിച്ച് പിടിക്കുകയായിരുന്നു. കൈയ്ക്ക് വേദനയും നീരും അനുഭവപ്പെട്ടെങ്കിലും പിതാവിനെ ഒരു ശസത്രക്രിയ ഉണ്ടായിരുന്നതിനാല്‍ നേഖ ഡ്യൂട്ടി പൂര്‍ത്തിയാക്കി പിതാവിനെ അഡ്മിറ്റ് ചെയ്ത ആശുപത്രിയിലേക്ക് പോയി. എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ കയ്യുടെ ബുദ്ധിമുട്ട് അസഹ്യമായി മാറിയതിനെ തുടര്‍ന്ന് മേരിഗിരി ഐഎസ്എം ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലെ വിദഗ്ധനായ ഡോ. എം ഡി മാത്യുവിനെ കാണിച്ചു. എക്സ്റേ എടുത്ത് പരിശോധിച്ചപ്പോഴാണ് വലത് കൈയ്ക്ക് പൊട്ടലുണ്ടെന്നുള്ളതും ഡിസിലൊക്കേഷന്‍ സംഭവിച്ചിട്ടുള്ളതെന്നും മനസിലാവുന്നത്.
undefined
നിലവില്‍ കൈയ്ക്ക് പ്ലേറ്റ് ഇട്ട് കെട്ടിവച്ചിരിക്കുന്ന അവസ്ഥയിലാണ് നേഖയുള്ളത്. ഒന്നര മാസത്തെ വിശ്രമത്തിന് ശേഷം മാറ്റമില്ലെങ്കില്‍ ശസ്ത്രക്രിയ ചെയ്യേണ്ടി വരുമെന്നാണ് നേഖയോട് പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ ആക്രമിച്ച രോഗിക്കെതിരെ പൊലീസിനെ സമീപിച്ചിരിക്കുകയാണ് നേഖ. ന്യൂറോ സര്‍ജറി കഴിഞ്ഞ് ആറ് ദിവസമായ രോഗിയാണ് നേഖയെ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാള്‍ പ്രശ്നക്കാരനായല്ല പെരുമാറിയത്. എന്നാല്‍ മരുന്ന് നല്‍കാനെത്തിയപ്പോള്‍ ഇയാള്‍ പെട്ടന്ന് അക്രമാസക്തനാവുകയായിരുന്നു.
ഇതിന് മുന്‍പും രോഗികളില്‍ നിന്ന് മോശം പെരുമാറ്റമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ആക്രമണം നേരിടേണ്ടി വരുന്നതെന്നാണ് നേഖ വിശദമാക്കുന്നത്. സാധാരണ ഗതിയില്‍ രാത്രി ഡ്യൂട്ടിക്കിടെ വാര്‍ഡില്‍ പോകുമ്പോള്‍ സെക്യൂരിറ്റി ചുമതലയിലുള്ളവര്‍ ഒപ്പം വന്ന് വാര്‍ഡ് ക്ലിയര്‍ ചെയ്യാറുണ്ട്. രോഗിയുടെ ഒപ്പം ഒരുപാട് പേരുള്ള സാഹചര്യമൊക്കെ ഇവര്‍ കൈകാര്യം ചെയ്യാറുണ്ടെന്നും നേഖ പറയുന്നു. രോഗിയുടെ ഒപ്പമുണ്ടായിരുന്ന ബന്ധുവും മറ്റ് ജീവനക്കാരും ചേര്‍ന്ന് രോഗിയെ പിടിച്ച് മാറ്റിയതാണ് നേഖയ്ക്കെതിരായ ആക്രമണം മറ്റ് തലങ്ങളിലേക്ക് പോവാത്തതെന്നാണ് ആശുപത്രി ജീവനക്കാര്‍ വിശദമാക്കുന്നത്.