ഇലക്ട്രിക് ബസ് ഇനി വാങ്ങുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ നിരാശയിലാണ് ഇപ്പോള്‍ എല്ലാവരും. ഈ ബസ് സര്‍വീസ് വേണമെന്നുള്ള ആവശ്യമാണ് എല്ലാവരും പങ്കുവയ്ക്കുന്നത്
തിരുവനന്തപുരം: ഇലക്ട്രിക് ബസ് ഇനി വാങ്ങില്ലെന്ന ഗതാഗത മന്ത്രിയുടെ തീരുമാനത്തിൽ നിരാശയോടെ തലസ്ഥാന വാസികള്‍. മറ്റ് ബസുകൾ അധികം ഇല്ലാത്ത റൂട്ടുകളിലേക്കുള്ള ഇലക്ട്രിക്ക് ബസ് വലിയ ആശ്വാസമെന്നാണ് തലസ്ഥാനവാസികൾ പറയുന്നത്. വളരെ പ്രതീക്ഷയോടെയാണ് ഇലക്ട്രിക് ബസുകളുടെ റൂട്ട് കെഎസ്ആര്‍ടിസി തലസ്ഥാന നഗരത്തില്‍ അവതരിപ്പിച്ചത്. 10 രൂപ നിരക്കില്‍ യാത്ര ചെയ്യുന്നതിനുള്ള സംവിധാനത്തെ നഗരവാസികള്‍ ഇരുകൈയും നീട്ടിയാണ് സ്വാഗതം ചെയ്തത്.
ഇലക്ട്രിക് ബസ് ഇനി വാങ്ങുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ നിരാശയിലാണ് ഇപ്പോള്‍ എല്ലാവരും. ഈ ബസ് സര്‍വീസ് വേണമെന്നുള്ള ആവശ്യമാണ് എല്ലാവരും പങ്കുവയ്ക്കുന്നത്. സാധാരണക്കാര്‍ക്ക് വളരെ ഉപയോഗമുള്ളതാണ് ഈ സര്‍വീസ്. വലിയ ആശ്വാസമാണ് ഈ ബസുകളെന്നും യാത്രക്കാര്‍ പറയുന്നു. അതേസമയം, ചെലവ് കുറയ്ക്കലിന്‍റെ ഭാഗമായി ലാഭകരമല്ലാത്ത കെ എസ് ആർ ടി സി സർവീസുകളുടെ സമയക്രമീകരണം നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി.
യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ സർവീസുകൾ നിർത്തലാക്കില്ലെന്നും മന്ത്രി പറഞ്ഞു. കെ എസ് ആർ ടി സി ജീവനക്കാർക്കുളള പുതിയ യൂണിഫോമിന്റെ വിതരണോദ്ഘാടനവും കെഎസ്ആർടിസി ന്യൂസ് ലെറ്റർ ''ആനവണ്ടി.കോം'' ന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കാക്കി നിറത്തിലുള്ള പാന്‍റ്സും ഷർട്ടുമാണ് കെ എസ് ആർ ടി സി ജീവനക്കാരുടെ പുതിയ യൂണിഫോം. ഒമ്പത് ജീവനക്കാർക്ക് ചടങ്ങിൽ മന്ത്രി യൂണിഫോം വിതരണം ചെയ്തു. പുതിയ യൂണിഫോമുകളിൽ കണ്ടക്ടറുടെയും ഡ്രൈവറുടെയും പേരോ പെൻ നമ്പറോ വയ്ക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആനവണ്ടി.കോം ഇ-ബുക്ക് ആയി പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം