മുംബൈയിൽ ജോലി ചെയ്യവേ അപകടത്തിൽ അരയ്ക്കു താഴെ തളർന്നു, മനസ്സ് തളരാതെ ജീവിതം തിരികെപ്പിടിച്ച രഞ്ജിത്തിന് ആദരം

By Web Team  |  First Published Dec 14, 2024, 12:32 PM IST

ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയാണ് കുട്ടികൾ രഞ്ജിത്തിനെ ആദരിച്ചത്.


മാന്നാർ: വിധിക്ക് മുന്നിൽ തളരാതെ പൊരുതി ജീവിത വിജയം നേടിയ പൂർവ വിദ്യാർത്ഥിക്ക് സ്കൂളിന്‍റെ ആദരവ്. ജോലിസ്ഥലത്ത് വച്ചുണ്ടായ അപകടത്തെ തുടർന്ന് അരയ്ക്കു താഴേക്ക് തളർന്നെങ്കിലും മനക്കരുത്തു കൊണ്ട് ജീവിതം തിരികെപ്പിടിച്ച മാന്നാർ കുരട്ടിക്കാട് നൂറാട്ട് രഞ്ജിത്ത് ആർ പിള്ളയെ, ശ്രീഭുവനേശ്വരി സ്കൂൾ വിദ്യാർഥികളാണ് ആദരിച്ചത്. ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയായിരുന്നു ആദരം.

2007ൽ മുംബൈയിലുണ്ടായ ഒരു അപകടമാണ് മാന്നാർ നൂറാട്ടു വീട്ടിൽ രാമൻപിള്ള - ഹൈമ ദമ്പതികളുടെ മകനായ രഞ്ജിത്തിന്റെ ഭാവി മാറ്റിയെഴുതിയത്. ഇലക്ട്രിക് ഡിപ്ളോമ പാസായ ശേഷം മുംബൈയിൽ താരാപ്പൂർ സ്റ്റീൽ പ്ലാന്റിൽ സൂപ്പർവൈസറായി ജോലി നോക്കുന്നതിനിടെ ഒരു ദിവസം രാത്രിയിൽ റൂമിലേക്ക് വരുമ്പോൾ രഞ്ജിത്തിന്റെ ബൈക്കിന്റെ നിയന്ത്രണം തെറ്റി ഇരുപത്തഞ്ച് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. തളർന്നുപോയ മനസ്സും ശരീരവും തിരികെപ്പിടിച്ച് വീൽചെയറിലിരുന്ന് ഡിടിപിയും ഓൺലൈൻ ജോലികൾ ചെയ്തും ജീവിത മാർഗ്ഗം കണ്ടെത്തിയ തന്റെ അനുഭവ കഥ രഞ്ജിത്ത് കുട്ടികളുമായി പങ്കുവെച്ചു. 

Latest Videos

ചെറിയ പരാജയങ്ങൾപോലും നേരിടാൻ കഴിയാതെ ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്ന ഇന്നത്തെ ബാല്യ, കൗമാരങ്ങൾക്ക് രഞ്ജിത്തിന്റെ ജീവിത കഥ പ്രചോദനമാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ പൊന്നാടയണിയിച്ചു. സ്കൂൾ സെക്രട്ടറി ഗണേഷ് കുമാർ ജി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ രാജീവൻ എന്നിവർ ചേർന്ന് രഞ്ജിത്തിന് മെമെന്‍റോ നൽകി ആദരിച്ചു. അദ്ധ്യാപികമാരായ പ്രിയ ജി കെ, സുജ ടി സെയ്ദ് എന്നിവർ സന്ദർശനത്തിന് നേതൃത്വം വഹിച്ചു.

'അത് ദൈവത്തിന്‍റെ കൈ'; അത്ഭുതം കോഴിക്കോട്ടെ ഈ കൊച്ചുകുഞ്ഞിന്‍റെ രക്ഷപ്പെടൽ, മരവിപ്പ് മാറാതെ ഹാരിസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!