ഫോർച്യൂണർ കാറിന്‍റെ ഇഎംഐ മുടങ്ങി, വണ്ടി പൊക്കാൻ ക്വട്ടേഷൻ കിട്ടി, കേസായതോടെ വയനാട്ടിൽ ഉപേക്ഷിച്ചു, അറസ്റ്റ്

By Web Team  |  First Published Apr 11, 2024, 8:58 AM IST

ഏപ്രിൽ മാസം അഞ്ചാം തീയതി ഉച്ചയോടെയാണ് വയനാട് അഞ്ചുകുന്ന് കുണ്ടാല സ്വദേശിയുടെ ഫോര്‍ച്ച്യൂണര്‍ കാര്‍ മുനീറും സംഘവും കടത്തിക്കൊണ്ടുപോയത്.


പനമരം: ചെന്നൈ ആസ്ഥാനമായുള്ള ഫിനാന്‍സ് സ്ഥാപനത്തിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത്  ലോണ്‍ തിരിച്ചടവ് മുടങ്ങിയ ആഡംബര കാര്‍ വയനാട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെ പനമരം പൊലീസ് പിടികൂടി. മലപ്പുറം മോങ്ങം ബി. അബ്ദുള്‍ മുനീര്‍(41)നെയാണ് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റയില്‍ നിന്നാണ് ഇയാൾ പിടിയിലായത്. മോഷണം പോയ ടൊയോട്ട ഫോര്‍ച്ച്യുണര്‍ കാറും പിടിച്ചെടുത്തു. 

ഏപ്രിൽ മാസം അഞ്ചാം തീയതി ഉച്ചയോടെയാണ് വയനാട് അഞ്ചുകുന്ന് കുണ്ടാല സ്വദേശിയുടെ ഫോര്‍ച്ച്യൂണര്‍ കാര്‍ മുനീറും സംഘവും കടത്തിക്കൊണ്ടുപോയത്. ലോണ്‍ അടവ് തെറ്റിയതിനെ തുടര്‍ന്നാണ് കാർ സംഘം പൊക്കിയത്. വീട്ടില്‍ സ്ത്രീകള്‍ തനിച്ചായ സമയം നോക്കിയാണ് സംഘം വാഹനം കൊണ്ടുപോയത്.  മോഷ്ടിച്ച കാര്‍ മലപ്പുറത്തെത്തിച്ചെങ്കിലും കേസായതിനെ തുടര്‍ന്ന് വയനാട്ടില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുവരുന്നതിനിടെയാണ് അബ്ദുല്‍മുനീര്‍ വലയിലായത്. 

Latest Videos

പരാതി ലഭിച്ചയുടന്‍ ശാസ്ത്രീയാന്വേഷണം നടത്തിയ പൊലീസ് ഇവര്‍ക്ക് പിറകെയുണ്ടായിരുന്നു. വാഹനം തിരിച്ചു പിടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഫിനാന്‍സ് സ്ഥാപനത്തിന്റെ കേരള ബ്രാഞ്ച് മാനേജര്‍ കാര്‍ത്തികിനെയും, ക്വട്ടേഷന്‍ സംഘത്തിലെ മിഥുനെയും ഇനി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയ ജില്ലയിലെ ഏജന്റുമാര്‍ക്കായും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.   എസ്.ഐ സാജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രതീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുസ്തഫ, വിനായക് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More :  'ഒരു യുവതിയും യുവാവും വരുന്നുണ്ട്, വിടരുത്'; റെയിൽവേ സ്റ്റേഷനിലേക്ക് പാഞ്ഞെത്തി എക്സൈസ്, കഞ്ചാവുമായി പൊക്കി!

click me!