ര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാനുളള അനുമതിക്കായി അന്വേഷണ സംഘം ഉടന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കും.
കോഴിക്കോട്: ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാനുളള അനുമതിക്കായി അന്വേഷണ സംഘം ഉടന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കും. ഇതിനു ശേഷം അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുതുക്കിയ പ്രതിപ്പട്ടിക അന്വേഷണ സംഘം നാളെ കോടതിയില്‍ സമര്‍പ്പിക്കും.
കോഴിക്കോട് സ്വദേശിയായ ഹര്‍ഷിനയുടെ വയറ്റില്‍ പ്രവസ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയാ ഉപകരണം കുടങ്ങിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന നിയമോപദേശം. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടപടികള്‍ വേഗത്തിലാക്കുകയാണ് പൊലീസ്. ഹര്‍ഷിനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ത്തിരുന്ന മൂന്ന് പേരെ, സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയില്‍ നിന്നുമൊഴിവാക്കിയിരുന്നു.
പകരം രണ്ട് ഡോക്ടര്‍മാരും രണ്ട് നേഴ്സമുരുമുള്‍പ്പെടെ നാലു പേരാണ് പുതുക്കിയ പ്രതിപ്പട്ടികയില്‍ ഉള്ളത്. ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിലും മറ്റ് ശാസ്ത്രീയ തെളിവുകള്‍ വിലയിരുത്തിയുമാണ് ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. ഹര്‍ഷിനയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയപ്പോള്‍ ഇവരാണ് ഡ്യൂട്ടിലുണ്ടായിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പുതുക്കിയ പ്രതിപ്പട്ടിക നാളെ കുന്ദമംഗലം കോടതിയില്‍ സമര്‍പ്പിക്കും. ഇതിനോടൊപ്പം ഇവരെ വിചാരണ ചെയ്യാനുള്ള അനുമതി സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ടതുണ്ട്. ഇതിനായി അന്വേഷണ സംഘം സര്‍ക്കാരിന് അപേക്ഷ നല്‍കും. പ്രതികളായ നാലു പേരേയും നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ അറസ്ററ് രേഖപ്പെടുത്തിയ ശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.
Read more: സതിയമ്മയെ പിരിച്ചുവിട്ടതിൽ മഹിള കോൺഗ്രസ് നടത്തിയ സമരത്തിനെതിരായ കേസിൽ പുലിവാല് പിടിച്ച് പൊലീസ്!
ഇതിനു ശേഷം കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടികളിലേക്ക് കടക്കും. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം രണ്ടു വര്‍ഷം തടവ് കിട്ടാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനാല്‍ അറസ്റ്റ് ചെയ്താലും പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം കിട്ടിയേക്കും. ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം സി ടി എ രംഗത്തു വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം