ശബരിമല സീസണിൽ താമരശ്ശേരി ചുരത്തിൽ അമിത വേഗം; ഇതര സംസ്ഥാന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണമെന്ന് ആവശ്യം

By Web Team  |  First Published Nov 18, 2024, 10:26 PM IST

ശബരിമല സീസണിലെ തിരക്ക് വര്‍ധിച്ചു കൊണ്ടേയിരിക്കെ ട്രാവ്‌ലര്‍, മിനിബസ്, ബസ് എന്നിവ ചുരം വഴി അതീവ ശ്രദ്ധയോടെ കടന്നുപോകണമെന്നാണ് ചുരം സംരക്ഷണ സമിതിയും യാത്രക്കാരും ആവശ്യപ്പെടുന്നത്.


കല്‍പ്പറ്റ: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമല സീസണില്‍ എത്തുന്ന ബസുകളും മിനി ബസുകളും താമരശ്ശേരി ചുരത്തില്‍ അമിത വേഗത്തില്‍ ഓടിക്കുന്നതായി പരാതി. താമരശ്ശേരി ചുരത്തില്‍ ഇന്ന് അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ച ബസ് ഓവുചാലില്‍ ചാടി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും അശ്രദ്ധമായ ഡ്രൈവിങ് തന്നെയാണ് ഇന്ന് ഉച്ചയോടെ ബസ് അപകടത്തില്‍പെടുന്നതിന് കാരണമായിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. 

സീസണില്‍ പരമാവധി ട്രിപ്പ് ശബരിമലയിലേക്ക് നടത്തുന്നതിന് കുട്ടികളടക്കമുള്ള അയ്യപ്പ ഭക്തന്മാരെയും കൊണ്ട് ബസുകള്‍, മിനിബസുകള്‍, ട്രാവലര്‍ എന്നിവ പരമാവധി വേഗത്തില്‍ ഓടിക്കുന്നതായാണ് ആക്ഷേപം. ചുരത്തില്‍ പാലിക്കേണ്ട ഗതാഗത നിയമങ്ങള്‍ ഇതര സംസ്ഥാനങ്ങളിലെ വാഹന ഡ്രൈവര്‍മാര്‍ അവഗണിക്കുന്നതായി മറ്റു യാത്രക്കാര്‍ പരാതിപ്പെടുന്നു. അയ്യപ്പ ഭക്തന്മാരെയും വഹിച്ച് കര്‍ണാടക അടക്കമുള്ള  സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളെ ചുരം ഗേറ്റിന് സമീപത്തോ മറ്റോ നിയന്ത്രിച്ചതിന് ശേഷം ചുരം റോഡുകളില്‍ പാലിക്കേണ്ട അച്ചടക്കങ്ങളെ കുറിച്ച് ഡ്രൈവര്‍മാരെയും സഹായികളെയും ബോധവത്കരിക്കണമെന്ന് ചില യാത്രക്കാർ അഭിപ്രായപ്പെട്ടു.

Latest Videos

എന്നാല്‍ ബോധവത്കരണം പ്രായോഗിമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളെ നിയന്ത്രിച്ച് കടത്തിവിടുന്ന കാര്യമെങ്കിലും പരിഗണിക്കാവുന്നതാണെന്ന ആവശ്യവും ഉയരുന്നു. ഇന്ന് ബസ് കാനയില്‍ ചാടിയ ഇടത്ത് റോഡിന് വീതികുറവോ വലിയ വളവോ ഇല്ല. എന്നിട്ടും വാഹനം അപകടത്തില്‍പ്പെട്ടത് അമിത വേഗമോ അശ്രദ്ധയോ ആകാമെന്നാണ് വിലയിരുത്തല്‍. ഏതായാലും ശബരിമല സീസണിലെ തിരക്ക് വര്‍ധിച്ചു കൊണ്ടേയിരിക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ട്രാവ്‌ലര്‍, മിനിബസ്, ബസ് എന്നിവ ചുരം വഴി അതീവ ശ്രദ്ധയോടെ കടന്നുപോകണമെന്നാണ് ചുരം സംരക്ഷണ സമിതിയും യാത്രക്കാരും ആവശ്യപ്പെടുന്നത്.

ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച ബസ് അഴുക്ക് ചാലിൽ കുടുങ്ങി; അപകടം ഉണ്ടായത് താമരശ്ശേരി ചുരത്തിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!