
തൃശൂര്‍ : തൃശൂര്‍ റൂറല്‍ പൊലീസ് ജില്ലാ പരിധിയിലുള്ള സ്റ്റേഷനുകളില്‍ പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ കത്തിച്ച് നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവും എംഡിഎംഎയുമടക്കമുള്ള മയക്കുമരുന്നുകളാണ് പൊലീസ് ചൂളയിലിട്ട് കത്തിച്ചത്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ചെയർമാൻ ആയ ജില്ല ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്.
സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെ നടക്കുന്ന ഓപ്പറേഷൻ ഡി ഹണ്ടുമായി ബന്ധപ്പെട്ട് തൃശ്ശൂർ റൂറൽ പൊലീസ് ജില്ലാ പരിധിയിൽ ഉള്ള പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത 248.48 കിലോ കഞ്ചാവ്, 28.84 ഗ്രാം എംഡിഎംഎ, 13.02 ഗ്രാം മെത്താംഫിറ്റമിൻ, 930 ഗ്രാം കഞ്ചാവ് ഉൽപ്പന്നങ്ങൾ എന്നിവയാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വല്ലച്ചിറയിലുള്ള ഓട്ടു കമ്പനിയിലെ ചൂളയിൽ വെച്ചാണ് ലഹരി വസ്തുക്കൾ തീയിട്ട് നശിപ്പിച്ചത്.
കഴിഞ്ഞ വർഷം 94.291 കിലോഗ്രാം കഞ്ചാവും, 732.92 ഗ്രാം എംഡിഎംഎയും, 1594 ഗ്രാംഹാഷിഷ് ഓയിലും, 49.02 ഗ്രാം മെത്താംഫിറ്റമിനും റൂറൽ പൊലീസ് ഇത്തരത്തിൽ ചൂളയിൽ വെച്ച് കത്തിച്ച് നശിപ്പിച്ചിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഉല്ലാസ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ബിജോയ് പി. ആർ , ചാലക്കുടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ്. എം.കെ, ചേർപ്പ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്.
Read More : അമ്മ ജോലിക്ക് പോയ സമയത്ത് നാലര വയസുകാരിയായ മകളോട് ലൈംഗികാതിക്രമം; അച്ഛന് 18 വർഷം തടവും 1.5 ലക്ഷം പിഴയും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam