സ്വകാര്യ ബസ് സിഗ്നൽ ലഭിക്കുന്നതിന് മുൻപ് വടക്കോട്ട് തിരിക്കവെ ബസിന് മുൻപിലൂടെ നടക്കുകയായിരുന്ന റയിച്ചലിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ബസിന്റെ ചക്രങ്ങൾ റെയ്ച്ചലിന്റെ തലയിയൂടെയും കാലിലൂടെയും കയറി ഇറങ്ങി.
മാവേലിക്കര (ആലപ്പുഴ) : മിച്ചൽ ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കവെ സിഗ്നൽ തെറ്റിച്ചെത്തിയ സ്വകാര്യ ബസ് ഇടിച്ച് വയോധിക മരിച്ചു. ചെന്നിത്തല തൃപ്പരുംതുറ തെക്കേക്കുറ്റ് റെയ്ച്ചൽ ജേക്കബ് (രാജമ്മ-82) ആണ് മരിച്ചത്. തിരുവല്ല - കായംകുളം റൂട്ടിലോടുന്ന സ്വാമി എന്ന സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്.ഇന്നലെ ഉച്ചയ്ക്ക് 1.40 ഓടെയാണ് സംഭവം. മിച്ചൽ ജംഗ്ഷന് കിഴക്ക് ഭാഗത്ത് സിഗ്നൽ കാത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് സിഗ്നൽ ലഭിക്കുന്നതിന് മുൻപ് വടക്കോട്ട് തിരിക്കവെ ബസിനു മുൻപിലൂടെ നടക്കുകയായിരുന്ന റയിച്ചലിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ബസിന്റെ ചക്രങ്ങൾ റെയ്ച്ചലിന്റെ തലയിയൂടെയും കാലിലൂടെയും കയറി ഇറങ്ങി. മിച്ചൽ ജംഗ്ഷന് തെക്ക് ഭാഗത്തുള്ള പ്രർത്ഥനാ കേന്ദ്രത്തിൽ നിന്നും പ്രാർത്ഥനയ്ക്ക് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു അവർ. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മാവേലിക്കര പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ബസിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവർ പുലിയൂർ ആലപ്പളളിൽ പടിഞ്ഞാറേതിൽ അനൂപ് അനിയൻ (30) പിന്നീട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മരിച്ച റെയ്ച്ചൽ മാരാമൺ കളരിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജേക്കബ്. മക്കൾ: ജോഷി, ജിഷി, ജൂഡി (മൂവരും യു.എസ്.). മരുമക്കൾ: സോമി, ഷിജു (ഇരുവരും യു.എസ്.), പരേതയായ മിനി.