റോഡിൽ ഓയിൽ പോയതറിഞ്ഞ് മണ്ണാർക്കാട് നിന്ന് അഗ്നിരക്ഷാ സേനയെത്തി പരിശോധിച്ചെങ്കിലും വാഹനങ്ങൾ കയറിയിറങ്ങി ഓയിലിന്റെ അംശം പോയിരുന്നുവെന്ന് അധികൃതര്‍ സേന അറിയിച്ചു.
പാലക്കാട്: മണ്ണാർക്കാട് നൊട്ടൻ മലയിലും എടക്കലിലും ദേശീയപാതയിൽ വീണ ഓയിലിൽ തെന്നിവീണ് അഞ്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്. രാവിലെയാണ് നൊട്ടൻമല കഴിഞ്ഞുള്ള വളവിലും എടക്കലിലും ബൈക്ക് യാത്രക്കാർ വീണത്. അപകടത്തില്‍ തെങ്കര സ്വദേശി ഗോകുലം വീട്ടിൽ ഗോകുലിന്‍റെ കൈയുടെ എല്ല് പൊട്ടി.
കൂടെയുണ്ടായിരുന്ന കോൽപ്പാടം സ്വദേശി നിധീഷിനു പരിക്കേറ്റു. റോഡിൽ ഓയിൽ പോയതറിഞ്ഞ് മണ്ണാർക്കാട് നിന്ന് അഗ്നിരക്ഷാ സേനയെത്തി പരിശോധിച്ചെങ്കിലും വാഹനങ്ങൾ കയറിയിറങ്ങി ഓയിലിന്റെ അംശം പോയിരുന്നുവെന്ന് അധികൃതര്‍ സേന അറിയിച്ചു. അതേസമയം, കോട്ടയം ചിങ്ങവനത്ത് ബസിനടിയിലേക്ക് വീണ യുവതിയെ മുടി മുറിച്ച് രക്ഷപ്പെടുത്തി. യുവതിയുടെ മുടി ടയറിന് അടിയില്‍ കുടുങ്ങിയതോടെയാണ് മുടിമുറിച്ച് കുറിച്ചി സ്വദേശിനി അമ്പിളിയെ രക്ഷിച്ചത്.
ഇന്നലെ വൈകുന്നേരമാണ് നാട്ടുകാരെ ഞെട്ടിച്ച അപകടമുണ്ടാവുന്നത്. എംസി റോഡില്‍ ചിങ്ങവനം പുത്തന്‍ പാലത്തിന് സമീപത്ത് വച്ചായിരുന്നു അപകടമുണ്ടായത്. സ്കൂള്‍ ബസ് ജീവനക്കാരിയായ അമ്പിളി കുട്ടികളെ റോഡ് മുറിച്ച് കടക്കാന്‍ സഹായിച്ച ശേഷം സ്കൂള്‍ ബസിന് അടുത്തേക്ക് തിരികെ വരുന്നതിന് ഇടയില്‍ കെഎസ്ആര്‍ടിസി ബസ് കണ്ട് വേഗത്തില്‍ നടക്കുന്നതിനിടയില്‍ ബസിന് അടിയിലേക്ക് വീഴുകയായിരുന്നു.
അമ്പിളിയെ കണ്ട് ബസ് ഡ്രൈവര്‍ വാഹനം വെട്ടിച്ചതിനാല്‍ യുവതിയെ വാഹനം ഇടിച്ചില്ല. എന്നാല്‍ റോഡില്‍ വീണ യുവതിയുടെ മുടി ടയറിനടിയില്‍ കുടുങ്ങുകയായിരുന്നു. സമീപത്ത് തട്ടുകട നടത്തിയിരുന്നയായാള്‍ കത്രിക കൊണ്ട് മുടി മുറിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് കടയില്‍ നിന്ന് കത്തി വാങ്ങി മുടി മുറിച്ചാണ് അമ്പിളിയെ പുറത്തെടുത്തത്. വീഴ്ചയില്‍ അമ്പിളിയുടെ തലയില്‍ ചെറിയ പരിക്ക് പറ്റിയിട്ടുണ്ട്. ഇത്തിത്താനത്തെ സ്വകാര്യ സ്കൂള്‍ ജീവനക്കാരിയാണ് അമ്പിളി. \