ഉഴിച്ചിലിന് എത്തിയ ബാലാജിക്ക് ഒളിയിടം ഇഷ്ടപ്പെട്ടതോടെ പേരാമ്പ്രയിൽ ബിസിനസ് സംരംഭം തുടങ്ങാനുള്ള നീക്കത്തിനിടയിലാണ് കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജിയേ തേടി തമിഴ്നാട് പൊലീസ് തോക്കുമായി കേരളത്തിലെത്തിയത്
പേരാമ്പ്ര: തമിഴ്നാട് പൊലീസ് ഇന്നലെ വെടിവെച്ചു കൊന്ന കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒന്നരമാസത്തോളം ഒളിവിൽ താമസിച്ചത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ. കർക്കിടകത്തിലെ ഉഴിച്ചിലിൻ്റെ മറവിലാണ് ബാലാജി വെള്ളിയൂരിൽ തമ്പടിച്ചത്. ഇതിനിടിൽ പേരാമ്പ്രയിലൊരു ബിസിനസിനും ബാലാജി ഒരുക്കം തുടങ്ങിയിരുന്നു. തമിഴ്‌നാടിനെ വിറപ്പിച്ച ഗുണ്ടയുടെ കേരളത്തിലെ ഒളിവ് ജീവിതത്തിന്റെ കഥ ഇങ്ങനെയാണ്.
ജൂലൈ 27. രാവിലെ പത്തുമണി ആയിക്കാണും. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്തുള്ള വെള്ളിയൂരിലെ, വലിയ പറമ്പ്. ഒരു വീട്ടിൽ കുറച്ചാളുകൾ തോക്കുമായി എത്തുന്നു. ബാലാജി ഉണ്ടോന്ന് ചോദിച്ചു. വീട്ടുകാരി പുറത്തിറങ്ങി ഇല്ലെന്ന് പറഞ്ഞു. അപരിചിതർ ആയതിനാൽ, തുറന്നിട്ടിരുന്ന ഗ്രിൽ അടച്ച് വീട്ടുകാരി അകത്തേക്ക് പോകാൻ നോക്കി. ഇതിനിടിൽ രണ്ടുപേർ വീടിൻ്റെ പിറക് വശത്തേക്ക് തോക്കുമായി പോയി. മറ്റുചിലരും തോക്ക് ലോഡ് ചെയ്തു. പേടിച്ചു വിരണ്ട വീട്ടുകാരി ബഹളം വച്ചു.
undefined
ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. വന്നവരെ വളഞ്ഞു. പാമ്പ് എന്ന് കരുതി തല്ലിക്കൊല്ലാൻ കമ്പുമായി വന്നവവർ വരെ കൂട്ടത്തിലുണ്ടായിരുന്നു. തൊട്ടപ്പുറത്തെ വീട്ടിൽ വാർപ്പ് നടക്കുന്നതിനാൽ, അവിടുത്തെ തൊഴിലാളികളും ഓടിയെത്തി. നാട്ടുകാർ വളഞ്ഞിട്ടതോടെ, തോക്കുധാരികൾ വിവരം പറഞ്ഞു. ' ഞങ്ങൾ തമിഴ്നാട് പൊലീസിൽ നിന്നാണ്. അമ്പതോളം കേസിൽ പ്രതിയായ, കാക്കാത്തോപ്പ് ബാലാജിയെ തേടി എത്തിയതാണ്. അയാൾ താമസിച്ച വീടിൻ്റെ ലൊക്കേഷൻ നോക്കി വന്നപ്പോൾ ഇവിടെയാണ് എത്തിയത്. വീട്ടുകാരി കള്ളം പറഞ്ഞെന്ന് കരുതിയാണ് വീട് വളഞ്ഞത്. പൊലീസുകാർ വിശദീകരിച്ചു'
ഇതിനിടയിൽ കാക്കത്തോപ്പ് ബാലാജിയുടെ ചിത്രം പൊലീസുകാർ കാണിച്ചതോടെ നാട്ടുകാർക്ക് കാര്യംപിടികിടി. ഇത് ഉഴിച്ചിൽ ചികിത്സയ്ക്ക് വന്ന വെറും ബാലാജിയല്ലേ എന്നായിരുന്നു എന്ന് നാട്ടുകാർ ചോദിച്ചത്. അയാൾ താമസിക്കുന്ന വീട് തൊട്ടുതാഴെയാണെന്നും നാട്ടുകാർ വ്യക്തമാക്കി. എന്നാൽ, ഈ ബഹളത്തിനിടയിൽ ആരോ ബാലാജിക്ക് വിവരം ചോർത്തി നൽകി. ബാലാജി ജീവനും കൊണ്ട് തടി തപ്പി. നാട്ടിലൊരു കൊടുംകുറ്റവാളി ഇത്രയും ഒളിച്ചു കഴിഞ്ഞതോർത്ത് ചിലരെങ്കിലും മൂക്കത്ത് കൈവച്ചു.
ഉഴിയാനല്ല, ഒളിക്കാൻ
ആറ് കൊലപാതകം, 14 വധശ്രമം, പണം തട്ടൽ ഉൾപ്പെടെ അറുപതോളം കേസുകളിൽ പ്രതിയാണ് കാക്കാത്തോപ്പ് ബാലാജി. കർക്കിടക മാസത്തിൽ ഉഴിച്ചിൽ ചികിത്സയ്ക്ക് വിധേയനാകാണ് വെള്ളിയൂരിലെത്തിയത്. പേരാമ്പ്രയിലെ ഒരു കേന്ദ്രത്തിൽ ഉഴിച്ചിലെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞിരുന്നത്. വാടകയ്ക്ക് താസിച്ചിരുന്നതാകാട്ടെ, രണ്ടുനില വീട്ടിൽ, ഒറ്റയ്ക്ക്. ഒന്നര മാസത്തോളം ഇവിടെ ഉണ്ടായിരുന്നു. വലിയ പറമ്പുകാരനായ രാജേഷാണ് ബാലാജിക്ക് വീടൊരുക്കി കൊടുത്തത്. ചെന്നൈയിലുള്ള സുഹൃത്തു വഴിയാണ് ബാലാജിയെ പരിചയമെന്ന് വ്യക്തമാക്കുന്നു രാജേഷ്. പ്രോ വോളി ലീഗ് മത്സരങ്ങൾ കാണാൻ ചെന്നൈയിൽ പോയപ്പോൾ കാക്കാത്തോപ്പ് ബാലാജിയെ നേരിട്ടു കണ്ടിരുന്നു എന്നും രാജേഷ് പറഞ്ഞു. എന്നാൽ ഇത്രയേറെ കേസിൽ പ്രതിയായിരുന്നു എന്നോ, തമിഴ്നാട് പൊലീസിൻ്റെ ഹിറ്റ് ലിസ്റ്റിലുള്ള ഗുണ്ടയെന്നോ അറിയില്ലെന്നാണ് രാജേഷ് വിശദീകരിക്കുന്നത്. നാട്ടുകാരെന്തായാലും രാജേഷിനോട് കട്ട കലിപ്പിലാണ്. അന്ന് രക്ഷപ്പെടാൻ കാക്കാത്തോപ്പ് ബാലാജിയെ സാഹയിച്ചത് രാജേഷ് ആണെന്നുവരെ നാട്ടുകാർക്ക് സംശയമുണ്ട്. അതിൻ്റെ പേരിൽ നാട്ടിൽ ചില കശപിശ ഇന്നും തുടരുന്നുണ്ട്.
ഉഴിച്ചിലിനെന്തിനാ ചിക്കൻ ?
ഉഴിച്ചിലിന് വന്നാൽ 14 ദിവസം കൊണ്ട് ചികിത്സ കഴിയുന്നതാണ് നാട്ടു നടപ്പെന്ന് പറയുന്നു വലിയ പറമ്പുകാരനായ സുരേഷ്. 14 ദിവസം കഴിഞ്ഞിട്ടും പോകാതെ വന്നപ്പോൾ, വാടക വീട്ടിൻ്റെ അയൽപ്പക്കത്ത് താമസിക്കുന്ന സുരേഷ് ഇക്കാര്യം ബാലാജിയോട് തന്നെ ചോദിച്ചിരുന്നത്രെ. എന്തോ ഒഴികഴിവ് പറഞ്ഞങ്ങ് പോയപ്പോൾ തന്നെ, നാട്ടുകാരിൽ സംശയം മുളച്ചിരുന്നു. വന്ന തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ സമീപത്തെ ചിക്കൻ സ്റ്റാളിൽ നിന്ന് രണ്ടു ദിനം കൂടുമ്പോൾ, മൂന്നാ നാലോ കിലോ കോഴിയിറച്ചി വാങ്ങിപ്പോകുന്നത് കണ്ടിരുന്നെന്ന് ഇതേ നാട്ടുകാരനായ സുമേഷ് പറയുന്നത്. ഉഴിച്ചിൽ ഫലിക്കാൻ പഥ്യം പാലിക്കണം. പച്ചക്കറി വിഭവങ്ങളേ കഴിക്കൂ. അപ്പോൾ പിന്നെ ചിക്കനെന്തിനാണെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
കേസുകൾ മാത്രമല്ല, ബാലാജിക്ക് നല്ല ഐഡിയയുമുണ്ട്
ഉഴിച്ചിലിന് എത്തിയ ബാലാജിക്ക് ഒളിയിടം നന്നായി ഇഷ്ടപ്പെട്ടു. വീടൊരുക്കിയ രാജേഷുമൊത്ത് ഒരു യാത്രയ്ക്കിടെയാണ് വഴിയരികിൽ ഹരിത കർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കണ്ടത്. അതിനെ കുറിച്ച് ചോദിച്ച് മനസ്സിലാക്കിയ ബാലാജി, ഇത് മൊത്തമായി വാങ്ങി ചെന്നൈയിലേക്ക് കയറ്റി അയക്കാനും പ്ലാനിട്ടിരുന്നത്രെ. ഇതിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളുമായും ബാലാജി ബന്ധപ്പെട്ടിരുന്നു എന്ന് രാജേഷ് തന്നെ സമ്മതിക്കുന്നു. അതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് തമിഴ്നാട് പൊലീസ് ബാലാജിയെ തേടി വെള്ളിയൂരിലെത്തിയതും തനിനിറം നാട്ടുകാർക്ക് കാണിച്ചു കൊടുത്തതും. അല്ലെങ്കിൽ ബാലാജിയുടെ പേരാമ്പ്രയിലെ സാമ്രാജ്യം സ്വാധീനവും വലുതായേനെ.
തമിഴ്നാട് പൊലീസ് വാഴ്ക !
തോക്കുമേന്തി അന്ന് തമിഴ്നാട് പൊലീസ് വന്ന ദിവസം ബഹളത്തിനിടെ കഷ്ടിച്ച് രക്ഷപ്പെട്ട ഗുണ്ടാ ബാലാജി, വീണ്ടും വരുമോ എന്ന പേടിയോടെ കഴിഞ്ഞ നാട്ടുകാരെ തേടിയെത്തിയത്, ബാലാജി ഇനി ഇല്ലെന്ന വാർത്തയാണ്. നോർത്ത് ചെന്നൈ വ്യാസാർപടി ജീവ റെയിൽവേ സ്റ്റേഷൻ സമീപത്ത് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് ബാലാജി കൊല്ലപ്പെട്ടത്. ഇതോടെ, തമിഴ്നാട് പൊലീസിന് അഭിനന്ദനം അറിയിച്ച് നാട്ടുകാർ ഫ്ലക്സ് വരെ വച്ചു കഴിഞ്ഞു.
മണ്ണടി കാക്കാത്തോപ്പ് ബാലാജി
തമിഴ്നാട് ചെന്നൈയിലെ മണ്ണടി കാക്കത്തോപ്പ് സ്വദേശിയായ ബാലാജി, കാക്കാത്തോപ്പ് ബാലാജിയെന്ന വിളിപ്പേരിലാണ് അറിയപ്പെട്ടത്. എന്നൂരിലെ ജെംയിസ് കൊലക്കേസ്, കാമരാജ് കൊലക്കേസ് എന്നിവയിലും ബാലാജി പ്രതിയാണ്. കൂട്ടാളിയായിരുന്ന നാഗേന്ദ്രനും മറ്റൊരു ഗുണ്ടയായ ധനശേഖരും ജയിലിൽ ആയതിന് പിറകെയാണ് കാക്കാത്തോപ്പ് ബാലാജി ചെന്നൈയിൽ ഗുണ്ടകൾക്കിടയിൽ സ്വാധീനം നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം