ഗതികേട്! പോസ്റ്റ്‍മോർട്ടത്തിന് വെള്ളമില്ല; ബന്ധുക്കളെയും ആംബുലൻസ് ഡ്രൈവർമാരെയും കൊണ്ട് വെള്ളം കോരിച്ചു

By Web Team  |  First Published Feb 24, 2024, 8:15 AM IST

ഉച്ചയായിട്ടും പോസ്റ്റ്മോർട്ടം നടത്തി മൃതദേഹങ്ങൾ വിട്ടു നൽകാതാത്തതിനെ തുടര്‍ന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് കാര്യം അറിയുന്നത്. ആശുപത്രിയിൽ വെള്ളമില്ലാത്തതിനാൽ പോസ്റ്റ്മോർട്ടം നടത്താന്‍ കഴിയുന്നില്ലെന്ന് അപ്പോഴാണ് അധികൃതര്‍ അറിയിക്കുന്നത്.


കായംകുളം: പോസ്റ്റ്മോർട്ടം നടത്തുന്നതിന് ടാങ്കില്‍ വെള്ളം ഇല്ലാതെ വന്നതിനെ തുടര്‍ന്ന് ആംബുലൻസ് ഡ്രൈവർമാരെയും മൃതദേഹം കൊണ്ടുവന്ന ബന്ധുക്കളെയും കൊണ്ട് വെള്ളം കോരിച്ചു. കായംകുളം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആവശ്യത്തിന് വെള്ളം ഇല്ലാത്തത് മൂലം കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകുകയാണ്. ഇന്നലെ രാവിലെ 11 മുതൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചത് അഞ്ച് മൃതദേഹങ്ങളാണ്.

ഉച്ചയായിട്ടും പോസ്റ്റ്മോർട്ടം നടത്തി മൃതദേഹങ്ങൾ വിട്ടു നൽകാതാത്തതിനെ തുടര്‍ന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് കാര്യം അറിയുന്നത്. ആശുപത്രിയിൽ വെള്ളമില്ലാത്തതിനാൽ പോസ്റ്റ്മോർട്ടം നടത്താന്‍ കഴിയുന്നില്ലെന്ന് അപ്പോഴാണ് അധികൃതര്‍ അറിയിക്കുന്നത്. ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പമ്പിങ് മോട്ടർ തകരാറിലായതാണ് കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. മണിക്കൂറുകൾ കഴിഞ്ഞിട്ടും പരിഹാരം ഇല്ലാതായതോടെ ബന്ധുക്കളോടും ആംബുലൻസ് ഡ്രൈവർമാരോടും വെള്ളം കോരിക്കൊണ്ട് വരാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

Latest Videos

ഇതോടെ ഉറ്റവരുടെ മൃതദേഹം വിട്ടു കിട്ടാന്‍ വേറെ മാര്‍ഗമില്ലാതെ വന്നതോടെ പലരും സമീപത്തെ കിണറ്റിൽ നിന്നും വെള്ളം കോരാന്‍ തുടങ്ങുകയായിരുന്നു. ഇതിനിടെ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ മോർച്ചറിക്ക് സമീപം മറ്റൊരു ടാങ്ക് വച്ച് ആശുപത്രിയിലെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപത്തുനിന്നും ഹോസ് ഇട്ട് വെള്ളം ശേഖരിച്ചാണ് പോസ്റ്റ്‍മോര്‍ട്ടം നടത്തിയത്. ഇതിൽ നിന്ന് ബക്കറ്റിൽ വെള്ളമെടുത്ത് ജീവനക്കാർ മോർച്ചറിക്കുള്ളിലേക്ക് എത്തിച്ച ശേഷമാണ് അഞ്ച് മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പൂർത്തീകരിച്ചത്.

ഒന്നിനെയും വിശ്വസിക്കരുത്! കൊല്ലംകാരന് ഒറ്റയടിക്ക് പോയത് 40,30,000 രൂപ, എല്ലാം തുടങ്ങിയത് ഒരു ഫോൺ കോളിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

click me!