കാറിൽ സിഎൻജി നിറയ്ക്കാൻ പമ്പിലെത്തിയ ഡ്രൈവറുടെ തല അടിച്ചുപൊട്ടിച്ചു; ആൾ എത്താൻ വൈകിയതിനെച്ചൊല്ലി തർക്കം

By Web Team  |  First Published Dec 24, 2024, 11:28 AM IST

തർക്കത്തിനൊടുവിൽ സിഎൻജി അടിച്ചു തരില്ലെന്ന് ഭീഷണിപ്പെടുത്തിയ പമ്പ് ജീവനക്കാരൻ ഒടുവിൽ അലൂമിനിയം പൈപ്പ് എടുത്ത് തലയ്ക്ക് അടിക്കുകയും ചെയ്തു.


തൃശ്ശൂർ: വാഹനത്തിൽ സിഎൻജി നിറയ്ക്കാൻ പമ്പിലെത്തിയ കാർ ഡ്രൈവറെ പമ്പ് ജീവനക്കാരൻ തലയ്ക്കടിച്ചു. ഇരിങ്ങാലക്കുടയിലാണ് സംഭവം. കാറുമായി പമ്പിലെത്തിയ 52കാരൻ ഷാന്റോയ്ക്കാണ് മർദനമേറ്റത്. പമ്പിലെത്തി ഏറെ നേരമായിട്ടും ഇന്ധനം നിറയ്ക്കാൻ ആരും എത്താത്തത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദനം.

സിഎൻജി നിറയ്ക്കാൻ പമ്പിലെത്തി ഏറെ നേരം കാത്തു നിന്നിട്ടും ആരും വരാത്തതിനെ തുടർന്ന് വാഹനം മുന്നിലേക്ക് എടുത്തിട്ടു. ഇതിൽ പ്രകോപിതനായാണ് പമ്പ് ജീവനക്കാരനായ കൂളിമുട്ട സ്വദേശി കിള്ളിക്കുളങ്ങര സജീവൻ എന്നയാൾ ഡ്രൈവറുമായി തർക്കം തുടങ്ങിയത്. തുടർന്ന് സിഎൻജി അടിച്ചു തരാൻ കഴിയില്ലെന്ന് പറ‌ഞ്ഞു. വാക്കു തർക്കത്തിനൊടുവിലാണ് പമ്പിലുണ്ടായിരുന്ന അലൂമിനിയം പൈപ്പ് എടുത്ത് ജീവനക്കാരൻ ഷിന്റോയുടെ തലയ്ക്കടിച്ചത്.

Latest Videos

undefined

തല പൊട്ടി രക്തം വാർന്നൊഴുകുന്ന നിലയിൽ പമ്പിൽ നിൽക്കുകയായിരുന്ന ഷിന്റോയെ ആശുപത്രിയിൽ കൊണ്ടു പോകാൻ പമ്പ് ജീവനക്കാർ ഉൾപ്പെടെ ആരും തയ്യാറായതുമില്ല. സംഭവം പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റ് അറിഞ്ഞതിനെ തുടർന്ന് അദ്ദേഹമാണ് പൊലീസിനെ വിളിച്ച് കാര്യം പറഞ്ഞത്. പിന്നീട് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. പമ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ രക്ഷിക്കാനാണ് പമ്പ് ജീവനക്കാരടക്കം ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!