കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ 9 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

By Web Desk  |  First Published Jan 7, 2025, 9:37 PM IST

വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ തെരുവുനായയെ കണ്ട് ഭയന്നോടുകയായിരുന്നു.


കണ്ണൂർ: കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ് 9 വയസുകാരൻ മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസൽ ആണ് മരിച്ചത്. വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ തെരുവുനായയെ കണ്ട് കുട്ടി ഭയന്നോടുകയായിരുന്നു. തുടര്‍ന്ന് കാണാതായ ഫസലിനെ തെരച്ചിലിനൊടുവിൽ സമീപത്തെ പറമ്പിലെ കിണറ്റിൽ കണ്ടെത്തി. ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്.

തുവ്വക്കുന്ന് ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്  മുഹമ്മദ് ഫസല്‍. വൈകിട്ട് അഞ്ചരയോടെ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു. ആ സമയത്ത് തെരുവുനായയെ കണ്ട് കുട്ടികള്‍ ചിതറിയോടി. സമീപത്തുള്ള പറമ്പിലൂടെയാണ് കുട്ടികളോടിയത്. പിന്നീട് ഫസല്‍ എങ്ങോട്ട് പോയെന്ന് ആര്‍ക്കും മനസിലായില്ല. ഒടുവില്‍ രണ്ട് മണിക്കൂറിലേറെ നേരത്തെ തെരച്ചിലിനൊടുവിലാണ് തൊട്ടടുത്തെ വീട്ടിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ കുഞ്ഞിനെ കാണുന്നത്. ഫയര്‍ഫോഴ്സ് എത്തി കുട്ടിയെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

Latest Videos

click me!