ഈ മാസം 16ന് ദേവസ്വം ബോർഡ് നിലക്കൽ മരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയറുടെ ചുമതലയുള്ള ബി പ്രവീഷ് നിലക്കൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പ അസിസ്റ്റന്‍റ് എഞ്ചിനിയർ ഓഫീസ് ജീവനക്കാരനും നിലക്കൽ സ്വാമി അയ്യപ്പാ ഫ്യൂവൽസിന്റെ മേൽനോട്ടച്ചുമതലയുള്ളയാളുമായ തിരുവനന്തപുരം മലയൻകീഴ് സ്വദേശി പണം തട്ടിപ്പിന് പൊലീസ് പിടിയിൽ. മൂഴിനട ചിത്തിര വീട്ടിൽ അനൂപ് കൃഷ്ണ (44)യെയാണ് വെച്ചൂച്ചിറ പൊലീസ് ഇൻസ്‌പെക്ടർ ബി രാജഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പമ്പിലെ ദൈനംദിന വരുമാനമായ 20,69,306 ലക്ഷം രൂപ ദേവസ്വം ബോർഡിന്‍റെ അക്കൗണ്ടിൽ അടയ്ക്കാതെ ഇയാൾ തട്ടിയെടുക്കുകയായിരുന്നു.
ഈ മാസം 16ന് ദേവസ്വം ബോർഡ് നിലക്കൽ മരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയറുടെ ചുമതലയുള്ള ബി പ്രവീഷ് നിലക്കൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഈ വർഷം ഏപ്രിൽ ഒന്നുമുതൽ ഒക്ടോബർ 19 വരെയുള്ള കാലയളവിലെ വരുമാനമാണ് നിക്ഷേപിക്കാതെ പ്രതി കൈവശം വച്ചത്. നിലക്കൽ പൊലീസ് എസ് എച്ച് ഒ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും തട്ടിപ്പ് നടന്ന കാലയളവിലെ ബോർഡിന്‍റെ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
കൂടാതെ, പ്രതിയുടെ ഉപയോഗത്തിലുള്ള രണ്ട് മൊബൈൽ ഫോണുകളുടെ കോൾ വിശദാംശങ്ങൾക്കായി ജില്ലാ പൊലീസ് സൈബർ സെൽ മുഖാന്തിരം നീക്കം നടത്തുകയും ചെയ്തു. തുടർന്ന്, ജില്ലാ പൊലീസ് മേധാവി വി അജിത്തിന്‍റെ ഉത്തരവനുസരിച്ച് കേസ് ഫയൽ അയച്ചുകിട്ടിയത് പ്രകാരം വെച്ചൂച്ചിറ പോലീസ് അന്വേഷണം ആരംഭിച്ചു.
പിന്നീട് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടന്ന ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെതുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽ പ്രതികൾ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ, മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളിൽ സമാനരീതിയിൽ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.