തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാത്രികളിൽ റോഡുകളിൽ കർശന പരിശോധനയുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മലപ്പുറം: പുതുവത്സരാഘോഷം പ്രമാണിച്ച് മതിമറന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർക്ക് പണി കിട്ടും. വാഹനാപകടങ്ങൾ മുന്നിൽ കണ്ട് പൊലീസുമായി സഹകരിച്ച് വാഹന പരിശോധന കർശനമാക്കാൻ ജില്ലാ ആർ.ടി.ഒ ബി. ഷഫീഖ് നിർദേശം നൽകി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാത്രികളിൽ റോഡുകളിൽ കർശന പരിശോധനയുണ്ടാകും. ജില്ലയിലെ പ്രധാന അപകട മേഖലകൾ, ദേശീയ, സംസ്ഥാന പാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന.
പൊലീസിന് പുറമെ മോട്ടോർ വാഹന വകുപ്പിലെ എൻഫോസ്‌മെന്റ് വിഭാഗവും, മലപ്പുറം ആർ.ടി.ഒ ഓഫീസ്, തിരൂരങ്ങാടി, പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി സബ് ആർ.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് രാത്രികാല പരിശോധന. മദ്യപിച്ചും മൊബൈൽ ഫോൺ ഉപയോഗിച്ചുമുള്ള ഡ്രൈവിംഗ്, അമിത വേഗത, രണ്ടിലധികമാളുകളെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്‌നൽ ലംഘനം തുടങ്ങിയ കുറ്റങ്ങൾക്ക് പിഴയ്ക്ക് പുറമെ ലൈസൻസും റദ്ദാക്കും.
രൂപമാറ്റം നടത്തിയ വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറ്റിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്ന് ജില്ല ആർ.ടി.ഒ ബി. ഷഫീഖ് അറിയിച്ചു. വിവിധ വർണ ലൈറ്റുകളുടെ ഉപയോഗം, എയർ ഹോൺ, ഗതാഗത തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾ എന്നിവയ്ക്കെതിരെയും നടപടിയുണ്ടാകും. ശബരിമല തീർഥാടന കാലത്ത് പുതുവത്സരദിനത്തിൽ റോഡ് തടസ്സങ്ങളൊഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ട്രാഫിക് നിയമങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാനും മാതാപിതാക്കൾ പരമാവധി ശ്രമിക്കണമെന്നും ആർ.ടി.ഒ വ്യക്തമാക്കി.
READ MORE: മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം