'പന്തിനെതിരെ' കേസില്ല; നെട്ടൂരില്‍ ഫുട്‌ബോള്‍ പിടിച്ചെടുത്തതില്‍ പൊലീസിന് പറയാനുള്ളത്

By Web Team  |  First Published Aug 2, 2023, 9:22 AM IST

ഏത് സമയവും സ്റ്റേഷനിലെത്തിയാല്‍ കളിക്കാര്‍ക്ക് ഫുട്‌ബോള്‍ കൊണ്ട് പോകാമെന്നും പൊലീസ്. 


കൊച്ചി: നെട്ടൂരില്‍ ഫുട്‌ബോള്‍ കളിക്കിടെ പന്ത് പിടിച്ചെടുത്തതില്‍ വിശദീകരണനുമായി പൊലീസ്. പൊതുസുരക്ഷ കരുതിയാണ് നടപടിയെന്ന് നെട്ടൂര്‍ പൊലീസ് പ്രിന്‍സിപ്പല്‍ എസ് ഐ ജിന്‍സണ്‍ ഡൊമിനിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് ജീപ്പിന്റെ ചില്ലിന് പകരം, ഫുട്‌ബോള്‍ ബൈക്ക് യാത്രികന്റെയോ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെയോ മേല്‍ പതിച്ചെങ്കില്‍ വലിയ അപകടം ഉണ്ടായേനെ. റോഡിലേക്കുള്ള ഭാഗത്ത് നെറ്റ് കെട്ടണമെന്ന് പല തവണ പറഞ്ഞിട്ടും നടപ്പായില്ല. പന്തിനെതിരെയോ കളിക്കാര്‍ക്കെതിരെയോ കേസെടുത്തിട്ടില്ല. ഏത് സമയവും സ്റ്റേഷനിലെത്തിയാല്‍ കളിക്കാര്‍ക്ക് ഫുട്‌ബോള്‍ കൊണ്ട് പോകാമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. നെട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഗ്രണ്ടിലാണ് കുട്ടികളും പ്രദേശത്തെ യുവാക്കളും കളിച്ചുകൊണ്ടിരുന്നത്. ഈ സമയത്ത് വാഹന പരിശോധനക്കെത്തിയ പൊലീസ് ജീപ്പ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തു. വാഹനം മാറ്റണമെന്നും അല്ലെങ്കില്‍ ജീപ്പില്‍ പന്ത് കൊള്ളുമെന്ന് പൊലീസിനോട് പറഞ്ഞെന്നും എന്നാല്‍ പൊലീസ് കേട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതിനിടെ കളിക്കിടെ പന്ത് ജീപ്പിന്റെ ചില്ലില്‍ കൊണ്ടു. രോഷാകുലരായ പൊലീസുകാര്‍ ഫുട്‌ബോള്‍ പിടിച്ചെടുത്ത് കൊണ്ടുപോകുകയായിരുന്നു. ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ എതിര്‍ത്തെങ്കിലും വിട്ടുനല്‍കിയില്ല. ഗ്രൗണ്ടിന് സമീപമുണ്ടായിരുന്നവര്‍ ഫുട്‌ബോളിനെ ചൊല്ലി പൊലീസും കുട്ടികളും തമ്മിലുള്ള വാക്കുതര്‍ക്കം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ സംഭവം പുറത്തറിഞ്ഞത്.

  'ടൈറ്റനെ മറക്കൂ', ശുക്രനില്‍ ആളുകളെ താമസിപ്പിക്കാനുള്ള പദ്ധതിയുമായി ഓഷ്യന്‍ ഗേറ്റ് സഹസ്ഥാപകന്‍ 
 

Latest Videos

click me!