സ്കൂൾ ബസിനുള്ളിൽ വച്ച് കഴുത്തിലും കവിളിലും പരുക്കുള്ള കുട്ടി ആശുപത്രിയിൽ തുടരുകയാണ്.
തിരുവനന്തപുരം: വട്ടിയൂർക്കാവിന് സമീപം നെട്ടയത്ത് പ്ലസ് വൺ വിദ്യാർഥിയുടെ കുത്തേറ്റ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒൻപതാംക്ലാസുകാരന്‍റെ ആരോഗ്യനില തൃപ്തികരം. സ്കൂൾ ബസിനുള്ളിൽ വച്ച് കഴുത്തിലും കവിളിലും പരുക്കുള്ള കുട്ടി ആശുപത്രിയിൽ തുടരുകയാണ്.
ഇരു മുറിവുകളും ആഴത്തിൽ ഉള്ളതല്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം നാളെ തീരുമാനിക്കും. നെട്ടയത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾ തമ്മിലാണ് ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ വഴക്കുണ്ടായത്. ഇതിന് പിന്നാലെ പ്ലസ് വൺ വിദ്യാർഥി ഒൻപതാം ക്ലാസുകാരനെ സയൻസ് ലാബിൽ ഉപയോഗിക്കാൻ കൊണ്ടു വന്ന കത്തി ഉപയോഗിച്ച് കുത്തിയതെന്നു പൊലീസ് പറഞ്ഞു.
അക്രമം നടത്തിയ പ്ലസ് വൺ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കുട്ടിയെ ബോർഡിന്‍റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തുടർനടപടികൾ ജുവനൈൽ ജസ്റ്റിസ് ബോർഡ് തീരുമാനിക്കും. മുൻപ് ഇരുവരും തമ്മിൽ സ്കൂളിൽ നടന്ന വഴക്കിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ബസിലും പ്രശ്നമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഒമ്പതാം ക്ലാസുകാരനെതിരെ നേരത്തെയും കൂട്ടം ചേർന്ന് അക്രമത്തിന് ശ്രമം നടന്നിട്ടുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.
200 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍; ചരിത്ര മുന്നേറ്റത്തിൽ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍